മധ്യപ്രദേശിലെ കൂട്ടമരണം : കക്കൂസ് മാലിന്യം ജലവിതരണ പൈപ്പിൽ കലർന്നത് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്
മധ്യപ്രദേശിലെ ഇൻഡോറിൽ പിഞ്ചുകുഞ്ഞടക്കം 14 പേരുടെ മരണത്തിന് കാരണമായത് ജല അതോറിറ്റി വിതരണം ചെയ്ത കക്കൂസ് മാലിന്യം കലർന്ന കുടിവെള്ളമാണെന്ന് ലബോറട്ടറി
ന്യൂ ഡൽഹി : മധ്യപ്രദേശിലെ ഇൻഡോറിൽ പിഞ്ചുകുഞ്ഞടക്കം 14 പേരുടെ മരണത്തിന് കാരണമായത് ജല അതോറിറ്റി വിതരണം ചെയ്ത കക്കൂസ് മാലിന്യം കലർന്ന കുടിവെള്ളമാണെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ദുരന്തത്തിൽ ഇതുവരെ 14 പേർ മരിച്ചു. 1400ൽ അധികം ആളുകൾക്ക് ഛർദിയും വയറിളക്കവും ബാധിച്ചതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
ഇൻഡോറിലെ ഭഗീരത്പുര സ്വദേശികളാണ് മലിനജല ദുരന്തത്തിന് ഇരയായത്. ഇത് നഗരത്തിലെ ജലവിതരണ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഭഗീരത്പുരയിലെ പൈപ്പ്‌ലൈനിലെ ചോർച്ച കാരണം കുടിവെള്ളം മലിനമായതായി ലബോറട്ടറി റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സി.എം.എച്ച്.ഒ) ഡോ. മാധവ് പ്രസാദ് ഹസാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഭഗീരത്പുരയിലെ പൊലീസ് ഔട്ട്‌പോസ്റ്റിനടുത്തുള്ള കക്കൂസ് നിർമ്മിച്ച സ്ഥലത്തെ പ്രധാന കുടിവെള്ള വിതരണ പൈപ്പ്‌ലൈനിൽ ചോർച്ച കണ്ടെത്തിയതായും ഇത് പ്രദേശത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാകാൻ കാരണമായെന്നും അധികൃതർ അറിയിച്ചു. പൈപ്പ് ലൈനിലെ മറ്റെവിടെയെങ്കിലും ചോർച്ചയുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ദുബെ പറഞ്ഞു.
പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച ഭഗീരത്പുരയിലെ വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി ശുദ്ധജലം വിതരണം ചെയ്തെങ്കിലും മുൻകരുതൽ എന്ന നിലയിൽ കുടിക്കുന്നതിന് മുമ്പ് വെള്ളം തിളപ്പിക്കാൻ താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പകർച്ചവ്യാധികൾ തടയുന്നതിനായി ജലവിതരണത്തിൽ നിരീക്ഷണം അധികൃതർ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദേശീയ മനുഷ്യാവകാശ കമീഷൻ മധ്യപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. കുറച്ച് ദിവസങ്ങളായി മലിനമായ വെള്ളം വിതരണം ചെയ്യുന്നതിനെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കമീഷൻ അറിയിച്ചു.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. വ്യാഴാഴ്ച ഭഗീരത്പുരയിലെ 1714 വീടുകളിൽ നടത്തിയ സർവേയിൽ 8571 പേരെ പരിശോധിച്ചു. ഇതിൽ 338 പേർ ഛർദ്ദി-വയറിളക്കത്തിന്റെ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ വീടുകളിൽ പ്രാഥമിക ചികിത്സ നൽകിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പകർച്ചവ്യാധി ആരംഭിച്ച് എട്ട് ദിവസത്തിനുള്ളിൽ 272 രോഗികളെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അതിൽ 71 പേരെ ഡിസ്ചാർജ് ചെയ്തതായും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു. നിലവിൽ 201 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 32 പേർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.