മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 6 കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ആറ് കുട്ടികൾക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി സ്ഥിരീകരിച്ചു. തലാസീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുട്ടികൾക്കാണ് ഈ ദുർഗതി ഉണ്ടായത്. എട്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ.
തലാസീമിയ ബാധിതരായ കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ രക്തം മാറ്റേണ്ടതുണ്ട്. സത്‌ന ജില്ലാ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികളിലാണ് നാല് മാസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തിയത്. ആശുപത്രി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം ഗൗരവമായത്. ഇവരെക്കൂടാതെ ഒരു മൂന്ന് വയസുകാരിക്കും എച്ച്ഐവി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ കുഞ്ഞിന്റെ മാതാപിതാക്കളും പോസിറ്റീവ് ആയതിനാൽ, അവരിൽ നിന്നാകാം കുട്ടിക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം.