മധ്യപ്രദേശിൽ കിണർ വൃത്തിയാക്കാനിറങ്ങിയ 8 പേർ വിഷവാതകം ശ്വസിച്ച് മരിച്ചു
മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ഗംഗോർ ഉത്സവാഘോഷങ്ങളുടെ
ഭോപ്പാൽ : മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.150 വർഷം പഴക്കമുള്ള സ്വകാര്യ വ്യക്തിയുടെ കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് ഗ്രാമീണർ ആദ്യം ഇറങ്ങി. ഇവർ ബുദ്ധിമുട്ടുന്നത് കണ്ട് സഹായിക്കാനിറങ്ങി മൂന്ന് പേരും കൂടി അപകടത്തിൽപ്പെട്ടു.
ജില്ലാ ഭരണകൂടം, പൊലീസ്, എസ്ഡിആർഎഫ് ടീമുകൾ എന്നിവരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ട് മൃതദേഹങ്ങളും കിണറ്റിൽ നിന്ന് കണ്ടെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. അപകടത്തിന് പിന്നാലെ കിണർ അടച്ചുപൂട്ടി. കിണറിലെ വിഷവാതകം ശ്വാസംമുട്ടലിനും മുങ്ങിമരണത്തിനും കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.