മധ്യപ്രദേശില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍

മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ഗ്രാമത്തിൽ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ​പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. തിങ്കളാഴ്ച നടന്ന അതിക്രമത്തെ തുടർന്ന് ഗുരുതരനിലയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഭോപാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ഗ്രാമത്തിൽ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ​പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. തിങ്കളാഴ്ച നടന്ന അതിക്രമത്തെ തുടർന്ന് ഗുരുതരനിലയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആടുകളെ മേയ്ക്കാൻ പോയ കുട്ടിയെ ഗ്രാമപരിസരത്തെ ഒരു വയലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നില തൃപ്തികരമാണെന്നും മൊറേന പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയെത്തുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് 28കാരനായ പ്രതിയെ മൊറേന പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സൻഹിത, പോക്‌സോ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പൊലീസ് സംഘങ്ങളെ രൂപീകരിച്ച് പ്രതിയെ പിടികൂടുകയുമായിരുനെന്നും പൊലീസ് വ്യക്തമാക്കി.

കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2018ല്‍ രാജ്യത്തുടനീളം ഓരോ 15 മിനിറ്റിലും ശരാശരി ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കണക്കുകള്‍ പ്രകാരം 2022ല്‍ 31,000ലധികം ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്‍.സി.ആര്‍.ബി ഡാറ്റ പ്രകാരം 2018-2022 മുതല്‍ ബലാത്സംഗ കേസുകളിലെ ശിക്ഷാ നിരക്ക് 27 ശതമാനം മുതല്‍ 28 ശതമാനം വരെയാണ്.