തിരുപ്പരന്‍കുന്‍ട്രം ദീപത്തൂണില്‍ ദീപം തെളിക്കാതിരുന്നതില്‍ ക്ഷേത്രം ദേവസ്ഥാനത്തെ കുറ്റപ്പെടുത്തി മധുര ജില്ലാ കളക്ടര്‍

നൂറ്റാണ്ടുകളായി മധുരയിലുള്ള തിരുപ്പരന്‍കുന്‍ട്രം കുന്നിന്റെ മധ്യഭാഗത്തുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാര്‍ത്തിക മഹാദീപം തെളിയിക്കാറുള്ളത്.

 

കളക്ടര്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

തിരുപ്പരന്‍കുന്‍ട്രം ദീപത്തൂണില്‍ ദീപം തെളിക്കാതിരുന്നതില്‍ ക്ഷേത്രം ദേവസ്ഥാനത്തെ പഴിച്ച് മധുര ജില്ലാ കളക്ടര്‍. ഉത്തരവ് നടപ്പാക്കാതിരുന്നതില്‍ മാപ്പ് ചോദിച്ചു കളക്ടര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം ദീപത്തൂണില്‍ ദീപം തെളിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി, സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. കളക്ടര്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

നൂറ്റാണ്ടുകളായി മധുരയിലുള്ള തിരുപ്പരന്‍കുന്‍ട്രം കുന്നിന്റെ മധ്യഭാഗത്തുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാര്‍ത്തിക മഹാദീപം തെളിയിക്കാറുള്ളത്. എന്നാല്‍, കുന്നിന്റെ മുകള്‍ഭാഗത്ത് ദര്‍ഗയ്ക്ക് ഏകദേശം 50 മീറ്റര്‍ അകലെയുള്ള കല്‍ത്തൂണില്‍ ദീപം തെളിയിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഈ കല്‍ത്തൂണ്‍ പുരാതനമായ ദീപത്തൂണ്‍ ആണെന്നും ക്ഷേത്രഭൂമിയിലാണെന്നും ഹിന്ദു സംഘടനകള്‍ വാദിക്കുന്നു. എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് സര്‍വേ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച കല്ലാണ് ഇതെന്നാണ് തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട്.

2025 ഡിസംബറില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തര്‍ക്കത്തിലിരിക്കുന്ന ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണകൂടം ഇത് തടഞ്ഞു. 2026 നവംബര്‍ 20ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ, നവംബര്‍ 24ന് നടക്കുന്ന കാര്‍ത്തിക ദീപം ഉത്സവത്തിന് ഒറ്റത്തവണത്തേക്കുള്ള ക്രമീകരണമെന്ന നിലയില്‍ ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കി.
ക്ഷേത്ര ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിയന്ത്രിതമായി ചടങ്ങ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും, ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് നവംബര്‍ 24ന് ദീപത്തൂണില്‍ ദീപം തെളിയിച്ചില്ല. പകരം പതിവുപോലെ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപം തന്നെയാണ് ദീപം തെളിയിച്ചത്.