രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മെഷീന്‍ റീഡബിള്‍ ഡിജിറ്റല്‍ വോട്ടര്‍ പട്ടിക കൈമാറും; ഓരോ ആഴ്ചയിലും പട്ടികയില്‍ വരുത്തുന്ന മാറ്റങ്ങള്‍ അറിയിക്കും

നേരത്തെ വിവരങ്ങള്‍ എളുപ്പത്തില്‍ തിരയാന്‍ കഴിയാത്ത ഫോര്‍മാറ്റിലാണ് പട്ടിക നല്‍കിയിരുന്നത്. പുതിയ ഡിജിറ്റല്‍ പട്ടികയില്‍ വിവരങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞ് കണ്ടെത്താനാകും.

 

വോട്ടര്‍മാരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയുള്ള വിവരങ്ങളാകും ഡിജിറ്റല്‍ പട്ടികയില്‍ കൈമാറുക.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മെഷീന്‍ റീഡബിള്‍ ഡിജിറ്റല്‍ വോട്ടര്‍ പട്ടിക കൈമാറാന്‍ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളമടക്കം 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന് നല്‍കിയ ഉത്തരവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടര്‍മാരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയുള്ള വിവരങ്ങളാകും ഡിജിറ്റല്‍ പട്ടികയില്‍ കൈമാറുക. നേരത്തെ വിവരങ്ങള്‍ എളുപ്പത്തില്‍ തിരയാന്‍ കഴിയാത്ത ഫോര്‍മാറ്റിലാണ് പട്ടിക നല്‍കിയിരുന്നത്. പുതിയ ഡിജിറ്റല്‍ പട്ടികയില്‍ വിവരങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞ് കണ്ടെത്താനാകും.


രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഉയര്‍ത്തിയിരുന്നു. വാര്‍ഷിക പുതുക്കല്‍ നടപടിക്കായി കരട് തയ്യാറാക്കുന്ന സമയത്ത് തന്നെ ഇനി പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും അക്ഷരമാല ക്രമത്തില്‍ പേരുകള്‍ നിരത്തിയുള്ള വോട്ടര്‍പട്ടികയുടെ റീഡബിള്‍ സോഫ്റ്റ് കോപ്പി കൈമാറും. ഓരോ ആഴ്ചയിലും പട്ടികയില്‍ വരുത്തുന്ന കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലാണ് വാര്‍ഷിക വോട്ടര്‍ പട്ടിക പുതുക്കലിന് നടപടി തുടങ്ങിയത്. എസ്‌ഐആറിന് മുമ്പുള്ള ഫോം 6 ആയിരിക്കും ഇതിന് ഉപയോഗിക്കുക. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.