ഡൽഹിയിൽ ശ്വാസകോശ അർബുദ കേസുകൾ കുതിച്ചുയരുന്നു; ആറര വർഷത്തിനിടെ 6,581 കേസുകൾ, മൂന്ന് ദിവസത്തിലൊരാൾ മരിക്കുന്നു

രാജ്യതലസ്ഥാനമായ ഡൽഹിയിലെ പ്രമുഖ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ആറര വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,581 ശ്വാസകോശ അർബുദ കേസുകൾ. ശൈത്യകാലത്തെ കടുത്ത വായുമലിനീകരണം ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നത്. 2020 ജനുവരി ഒന്ന് മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം (RTI) വാർത്താ ഏജൻസിയായ പിടിഐ ശേഖരിച്ചത്.

 

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ പ്രമുഖ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ആറര വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,581 ശ്വാസകോശ അർബുദ കേസുകൾ. ശൈത്യകാലത്തെ കടുത്ത വായുമലിനീകരണം ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നത്. 2020 ജനുവരി ഒന്ന് മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം (RTI) വാർത്താ ഏജൻസിയായ പിടിഐ ശേഖരിച്ചത്.

എയിംസ് (AIIMS), രാം മനോഹർ ലോഹ്യ (RML) ആശുപത്രി, ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (DSCI) എന്നീ മൂന്ന് ആശുപത്രികളിൽ നിന്നുള്ള ആകെ കേസുകളാണിത്. ഡൽഹിയിലെ പ്രമുഖ സർക്കാർ മെഡിക്കൽ കോളേജായ സഫ്ദർജങ് ആശുപത്രി ആകെ രോഗികളുടെ എണ്ണം വെളിപ്പെടുത്തിയില്ലെങ്കിലും, അവിടെ മാത്രം 393 പേർ ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചതായി അറിയിച്ചു. നാല് ആശുപത്രികളിലുമായി ആകെ 913 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശരാശരി മൂന്ന് ദിവസത്തിൽ ഒരു മരണം എന്ന തോതിലാണ് ഡൽഹിയിൽ ഈ രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നത്.

ആശുപത്രികൾ തിരിച്ചുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് എയിംസിലാണ്. ഇവിടെ 4,860 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 158 പേർ മരിക്കുകയും ചെയ്തു. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 1,613 കേസുകളും 354 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആർഎംഎൽ ആശുപത്രിയിൽ 108 കേസുകളും എട്ട് മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. രോഗബാധിതരിൽ നൂറുകണക്കിന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നും പുകവലിക്കാത്തവരിൽ പോലും രോഗം വ്യാപകമാകുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.