വെള്ളം ചേര്‍ത്ത് ഉച്ചഭക്ഷണം; ഉത്തര്‍പ്രദേശിലെ യുപി സ്‌കൂളില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്ത് നല്‍കിയ  സംഭവത്തില്‍ നടപടിയുമായി അധികൃതര്‍.

 

വെള്ളത്തിന് മുകളില്‍ ഉരുളക്കിഴങ്ങ് മാത്രം കിടക്കുന്ന കറിയാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്ത് നല്‍കിയ  സംഭവത്തില്‍ നടപടിയുമായി അധികൃതര്‍. സംഭവം നടന്ന പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പാചകക്കാരനെ പുറത്താക്കുകയും ചെയ്തു.

സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്ത് നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളത്തിന് മുകളില്‍ ഉരുളക്കിഴങ്ങ് മാത്രം കിടക്കുന്ന കറിയാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്.സീതാപൂര്‍ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലില്‍ പരിധിയിലുള്ള ഛാങ്ഗാവ്പൂരിലെ പ്രൈമറി സ്‌കൂളിലാണ് അനാസ്ഥ റിപ്പോര്‍ട്ട് ചെയ്തത്.

വെള്ളം നിറഞ്ഞ, പച്ചക്കറികള്‍ വളരെ കുറഞ്ഞ കറിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി നല്‍കി വന്നിരുന്നത്. സ്‌കൂളിന്റെ അനാസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെ ആരംഭിച്ച അന്വേഷണത്തില്‍ സ്ഥിരമായി ഇവിടെ ഇതാണ് അവസ്ഥയെന്നാണ് ഗ്രാമവാസികളും മാതാപിതാക്കളും ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.

 സ്ഥിരം ലഭിക്കുന്ന പരിപ്പ് കറിയിലും പച്ചക്കറിയിലും വെള്ളം മാത്രമേ ഉണ്ടാകാറുള്ളുവെന്നും കുട്ടികള്‍ വെളിപ്പെടുത്തിയതോടെയാണ് അധികൃതര്‍ ഉടനടി നടപടി സ്വീകരിച്ചത്