പാചകവാതക സിലിണ്ടറുകള്‍ ഇനി സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി വീടുകളിലേക്ക്
തുടക്കത്തില്‍ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക.
എച്ച്പിസിഎല്‍ പുതുതായി വിപണിയിലെത്തിച്ച 10 കിലോഗ്രാം ഭാരമുള്ള 'എച്ച്പി നവ്യ' എന്ന എല്‍പിജി സിലിണ്ടറുകള്‍ വീടുകളിലേക്ക് എത്താന്‍ പോവുകയാണ്.
പാചകവാതക സിലിണ്ടറുകള്‍ ഇനി സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (എച്ച് പി സി എല്‍) സ്വിഗ്ഗി ഇതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടു. രാജ്യത്ത് ഇതാദ്യമായാണ് ഇ കൊമേഴ്‌സ് ആപ്പ് വഴി എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുന്നത്. എല്‍പിജി വിതരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ഈ കൂട്ടുകെട്ട് തുടക്കമിടുന്നത്. എച്ച്പിസിഎല്‍ പുതുതായി വിപണിയിലെത്തിച്ച 10 കിലോഗ്രാം ഭാരമുള്ള 'എച്ച്പി നവ്യ' എന്ന എല്‍പിജി സിലിണ്ടറുകള്‍ വീടുകളിലേക്ക് എത്താന്‍ പോവുകയാണ്. തുടക്കത്തില്‍ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക. എച്ച്പി നവ്യയ്ക്ക് പുറമെ, 5 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറുകളും ഇന്‍സ്റ്റാമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.
നിലവില്‍ ഗാര്‍ഹിക എല്‍പിജി കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാന പ്രത്യേകത. പഠനത്തിനോ ജോലിക്കോ ഒക്കെയായി വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്തു താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, ചെറിയ കുടുംബങ്ങള്‍ തുടങ്ങി വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് അവരുടെ താമസ സ്ഥലത്തേക്ക് സിലിണ്ടറുകള്‍ ലഭ്യമാകും. ഒരു ഫ്‌ലെക്‌സിബിള്‍ ഓപ്ഷനായിട്ടാണ് ഈ സേവനത്തെ എച്ച്പിസിഎല്‍ അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റാമാര്‍ട്ട് ആപ്പ് വഴി സിലിണ്ടര്‍ ഓര്‍ഡര്‍ ചെയ്യാം. ആദ്യമായി വാങ്ങുന്നവര്‍ക്ക് ഇത് പുതിയ സിലിണ്ടര്‍ പര്‍ച്ചേസ് ആയിട്ടായിരിക്കും ലഭിക്കുക. പിന്നീട് റീഫില്‍ ഓര്‍ഡറുകള്‍ക്കായി ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടര്‍ തിരികെ നല്‍കിയാല്‍ മതിയാകും. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടര്‍ ശൃംഖല വഴിയാണ് വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും സിലിണ്ടറുകള്‍ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുക. ആദ്യത്തെ ഓര്‍ഡറിന് തിരിച്ചറിയല്‍ രേഖാ പരിശോധന നിര്‍ബന്ധമാണ്.