എല്‍പിജി ബുക്ക് ചെയ്തു; ഭാര്യയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇയാളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചതിന് പിന്നാലെയാണ് തോമര്‍ ഒളിവില്‍ പോയത്.

 

നാല് വര്‍ഷത്തെ തെരച്ചിലിന് ഒടുവിലാണ്പൊലീസ് പിടികൂടിയത്.

 ഭാര്യയുടെ കൊലപ്പെടുത്തിയതിന് പിന്നാലെ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ പോയ മുന്‍ ഇന്ത്യന്‍ സൈനികനെ മധ്യപ്രദേശില്‍ നിന്ന് പഞ്ചാബ് പൊലീസ് പിടികൂടി. സന്ദീപ് തോമര്‍ എന്നയാളാണ് പിടിയിലായത്. ഒരു എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്തതിന് പിന്നാലെയാണ് ഇയാളെ നാല് വര്‍ഷത്തെ തെരച്ചിലിന് ഒടുവിലാണ്പൊലീസ് പിടികൂടിയത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇയാളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചതിന് പിന്നാലെയാണ് തോമര്‍ ഒളിവില്‍ പോയത്.

തോമറിന്റെ പേരിലുള്ള എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങുമായി ബന്ധപ്പെട്ട പേയ്മെന്റ് ട്രാക്ക് ചെയ്താണ് പൊലീസ് ഇയാളുടെ അടുത്തെത്തിയത്. തോമറിന്റെ ഭാര്യാ പിതാവ് കോടതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതോടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ സജ്ജീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എസ്ഐടിയും നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡും ചേര്‍ന്ന് തോമറിന്റെ യഥാര്‍ത്ഥ പാന്‍ കാര്‍ഡ് കണ്ടെത്തി. ഇതോടെ ഇയാളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്താനായി. ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ട് ഈ പാന്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിരുന്നു.

ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ചതോടെ ഒരു സ്വകാര്യ കമ്പനിയില്‍ നിന്ന് ഇതിലേക്ക് സാലറി ക്രെഡിറ്റാകുന്നുണ്ടെന്നും ഈ അക്കൗണ്ടുമായി ഒരു മൊബൈല്‍ നമ്പര്‍ ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമായി. ഇതോടെ തോമര്‍ മധ്യപ്രദേശിലെ പാംദുര്‍ണയിലുണ്ടെന്ന് മനസിലായി. കൂടുതല്‍ അന്വേഷണത്തില്‍ ബാങ്ക് സ്റ്റേറ്റ്മെന്റില്‍ ഭാരത് ഗ്യാസില്‍ നിന്നും എല്‍പിജി സിലിണ്ടറിന്റെ ഒരു ട്രാന്‍സാക്ഷനും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഗ്യാസ് ഏജന്‍സിയില്‍ ബന്ധപ്പെട്ടതോടെയാണ് ഇയാള്‍ താമസിച്ചിരുന്ന വാടകവീട് പൊലീസ് കണ്ടെത്തിയത്. ഏജന്‍സി സ്ഥിരമായി ഇവിടെ സിലിണ്ടര്‍ സപ്ലൈ ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത തോമറിനെ പൊലീസ് പഞ്ചാബില്‍ എത്തിച്ചു.

2014ലാണ് തോമര്‍ ഭാര്യ ശ്വേതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കൊലപാതകം ആത്മഹത്യയായി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതോടെ സേനയില്‍ നിന്നും ഇയാളെ പിരിച്ചുവിട്ടിരുന്നു. ഫിറോസാപൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ 2019ല്‍ ജാമ്യത്തിലിറങ്ങി. പിന്നീട് ഹൈക്കോടതി, കീഴ്‌ക്കോടതി വിധി ശരിവച്ചതോടെ തോമര്‍ ഒളിവില്‍ പോകുകയായിരുന്നു.