ലോക്‌സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കം പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ : കോൺഗ്രസ് 

ലോക്‌സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആയുധം മാത്രമാണെന്ന് കോൺഗ്രസ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങളെ കബളിപ്പിക്കാനാണ്

 

 ന്യൂഡൽഹി : ലോക്‌സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആയുധം മാത്രമാണെന്ന് കോൺഗ്രസ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങളെ കബളിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.രാജ്യം വലിയ സാമ്പത്തിക, വിദേശനയ പ്രതിസന്ധികൾ നേരിടുമ്പോൾ സീറ്റ് വർധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജനങ്ങളെ വഞ്ചിക്കാനാണ്.

സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിച്ചാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദോഷമുണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നിലവിൽ ഉത്തർപ്രദേശിൽ 80 സീറ്റുകളും തമിഴ്‌നാട്ടിൽ 39 സീറ്റുകളുമാണുള്ളത്. പരിഷ്‌കാരം വരുന്നതോടെ, യു.പിയിലെ സീറ്റുകൾ 120 ആയി ഉയരുമ്പോൾ തമിഴ്‌നാട്ടിൽ പരമാവധി 59 മാത്രമായിരിക്കും. കേരളത്തിലെ സീറ്റുകൾ 20ൽ നിന്ന് 30 ആയി വർധിക്കുമ്പോൾ ബിഹാറിലെ സീറ്റുകൾ 40ൽ നിന്ന് 60 ആയി ഉയരും.

ഈ അസന്തുലിതാവസ്ഥ മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഏകദേശം 200 സീറ്റുകളുടെ വർധന ലഭിക്കുമ്പോൾ ദക്ഷിണേന്ത്യക്ക് കേവലം 66 സീറ്റുകൾ മാത്രമാണ് അധികമായി ലഭിക്കുക. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പഞ്ചാബ്, ഹരിയാന, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെയും രാഷ്ട്രീയ സ്വാധീനം വലിയ തോതിൽ കുറയാനിടയാക്കുമെന്ന് ജയ്റാം രമേശ് വ്യക്തമാക്കി.