സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും എക്സൈസ് തീരുവ ചുമത്തുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: ജി.എസ്.ടി സെസിന് പകരമായി സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും തീരുവ കൂട്ടാൻ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര എക്സൈസ് ഭേദഗതി ബില്ല് ലോക്സഭ പാസാക്കി.
പുകയില ഉൽപന്നങ്ങൾക്ക് തീരുവ കൂട്ടുമ്പോൾ അധിക നികുതിഭാരമുണ്ടാകില്ലെന്ന് ബിൽ ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇതൊരു പുതിയ നിയമമോ അധിക നികുതിയോ അല്ല. ജി.എസ്.ടിക്ക് മുമ്പുണ്ടായിരുന്ന എക്സൈസ് തീരുവ തിരിച്ചുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നത്. ഇതുവഴി പിരിച്ചെടുക്കുന്ന നികുതിവിഹിതത്തിൽ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കുമെന്നും മന്ത്രി പറഞ്ഞു.
പുകയില ഉൽപാദനവുമായി ബന്ധപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും ജീവനോപാധിയെ തീരുവ വർധന പ്രതിസന്ധിയിലാക്കരുതെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അംഗങ്ങൾ ആവശ്യപ്പെട്ടു. എല്ലാ മണ്ഡലങ്ങളിലും പുകയില ഉപയോഗ മുക്തികേന്ദ്രങ്ങൾ തുടങ്ങണമെന്ന് ചർച്ചയിൽ സംസാരിച്ച ഡി.എം.കെ അംഗം ഡോ. കലാനിധി പറഞ്ഞു.
അസംസ്കൃത പുകയിലക്ക് 60 മുതൽ 70 ശതമാനം വരെ എക്സൈസ് തീരുവ ചുമത്താനാണ് ബില്ലിലെ വ്യവസ്ഥ. ചുരുട്ട് ഇനങ്ങൾക്ക് 1,000 എണ്ണത്തിന് 5,000 രൂപയോ 25 ശതമാനമോ ഏതാണോ കൂടുതൽ അതായിരിക്കും തീരുവ. 65 മില്ലിമീറ്റർ നീളത്തിലുള്ള സിഗരറ്റുകൾക്ക് 1000 എണ്ണത്തിന് 2700 രൂപയും 65 മില്ലിമീറ്ററിന് മുകളിൽ 70 മില്ലിമീറ്റർ വരെയുള്ളവക്ക് 1000 എണ്ണത്തിന് 4500 രൂപയുമായിരിക്കും തീരുവ.