ലിവ്-ഇൻ പങ്കാളികൾ പരസ്പരം ഫോൺ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കർണാടക ഹൈക്കോടതി
ലിവ്-ഇൻ ബന്ധത്തിലായിരുന്ന പങ്കാളികൾ പരസ്പരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമാകില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. വഞ്ചനാപരമോ സത്യസന്ധമല്ലാത്തതോ ആയ ഉദ്ദേശ്യം തെളിയിക്കപ്പെടാതെ ഐടി നിയമത്തിലെ 65, 66 വകുപ്പുകൾ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും ജസ്റ്റിസ് എച്ച്.പി സന്ദേശ് നിരീക്ഷിച്ചു. ബന്ധം തകർന്നതിനെത്തുടർന്ന് ഇരുവരും പരസ്പരം നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത മൂന്ന് ക്രിമിനൽ കേസുകളും കോടതി റദ്ദാക്കി.
ബംഗളൂരു: ലിവ്-ഇൻ ബന്ധത്തിലായിരുന്ന പങ്കാളികൾ പരസ്പരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമാകില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. വഞ്ചനാപരമോ സത്യസന്ധമല്ലാത്തതോ ആയ ഉദ്ദേശ്യം തെളിയിക്കപ്പെടാതെ ഐടി നിയമത്തിലെ 65, 66 വകുപ്പുകൾ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും ജസ്റ്റിസ് എച്ച്.പി സന്ദേശ് നിരീക്ഷിച്ചു. ബന്ധം തകർന്നതിനെത്തുടർന്ന് ഇരുവരും പരസ്പരം നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത മൂന്ന് ക്രിമിനൽ കേസുകളും കോടതി റദ്ദാക്കി.
ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് ഇരുവരും പരസ്പരം ഫോണുകൾ ഉപയോഗിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ബന്ധം വഷളായതിനു പിന്നാലെ പ്രതികാരം ചെയ്യാനാണ് പരാതി നൽകിയതെന്ന് വിലയിരുത്തിയാണ് സ്ത്രീക്കെതിരായ ഐടി നിയമക്കേസ് റദ്ദാക്കിയത്. ബലാത്സംഗം, അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളിൽ പുരുഷ പങ്കാളിക്കെതിരെ എടുത്ത എഫ്ഐആറും കോടതി റദ്ദാക്കി. ബന്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുവരും ബോധവാന്മാരായിരുന്നുവെന്നും ബന്ധം അവസാനിച്ചതിന്റെ പേരിൽ മാത്രം ക്രിമിനൽ നടപടികൾ തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2017-ൽ പരിചയപ്പെട്ട് ഒരുമിച്ച് താമസിക്കുകയും 2018-ൽ വിവാഹനിശ്ചയം നടത്തുകയും ചെയ്ത ഇരുവരും പിന്നീട് പിരിയുകയായിരുന്നു. തുടർന്ന് വിവരങ്ങൾ ചോർത്തിയെന്നും ഡേറ്റ നീക്കം ചെയ്തെന്നും ആരോപിച്ച് യുവാവും ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുമായി യുവതിയും പരസ്പരം പരാതി നൽകുകയായിരുന്നു.