കർണാടകയിൽ മദ്യവില ഉയരും: പുതിയ നികുതി നയം വരുന്നു

കർണാടകയിൽ മദ്യവില വർദ്ധിപ്പിക്കാൻ സിദ്ധരാമയ്യ സർക്കാർ നീക്കം . മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി നികുതി ഈടാക്കുന്ന പുതിയ പരിഷ്‌കാരമാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. വീര്യം കൂടിയ മദ്യങ്ങൾക്ക് ഇതനുസരിച്ച്  ഇനി മുതൽ ഉയർന്ന വില നൽകേണ്ടി വരും.

 

ബംഗളൂരു: കർണാടകയിൽ മദ്യവില വർദ്ധിപ്പിക്കാൻ സിദ്ധരാമയ്യ സർക്കാർ നീക്കം . മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി നികുതി ഈടാക്കുന്ന പുതിയ പരിഷ്‌കാരമാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. വീര്യം കൂടിയ മദ്യങ്ങൾക്ക് ഇതനുസരിച്ച്  ഇനി മുതൽ ഉയർന്ന വില നൽകേണ്ടി വരും.

പുതിയ നികുതി നയം നടപ്പിലാക്കുന്നതിനായി 'ആൽക്കഹോൾ-ഇൻ-ബെവറേജ്' എന്ന പുതിയ മാനദണ്ഡം സർക്കാർ അവതരിപ്പിച്ചു. ഒരു ലിറ്റർ മദ്യത്തിൽ അടങ്ങിയിരിക്കുന്ന ശുദ്ധമായ ആൽക്കഹോളിന്റെ അളവ് കണക്കാക്കി നികുതി നിശ്ചയിക്കുന്ന രീതിയാണിത്. നിലവിൽ നിലവിലുള്ള സ്ലാബ് അടിസ്ഥാനത്തിലുള്ള നികുതി ഘടനയ്ക്ക് പകരം ഈ പുതിയ രീതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറും.

വിസ്‌കി, റം തുടങ്ങിയ കടുപ്പമേറിയ മദ്യങ്ങൾക്ക് നികുതി വർദ്ധിക്കുന്നതോടെ വിലയും ഗണ്യമായി കൂടും. വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നികുതി താരതമ്യേന കുറയാനാണ് സാധ്യത. ശുദ്ധമായ ആൽക്കഹോളിന് ലിറ്ററിന് 1000 രൂപ എന്ന നിരക്കിലായിരിക്കും എക്സൈസ് ഡ്യൂട്ടി ഈടാക്കുക.

സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും അഭിപ്രായങ്ങൾ തേടിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് എക്സൈസ് മന്ത്രി ആർബി തിമ്മാപ്പൂർ അറിയിച്ചു. പുതിയ നയം നടപ്പിലാകുന്നതോടെ വിലകുറഞ്ഞ ബ്രാൻഡുകൾക്ക് 15 മുതൽ 20 ശതമാനം വരെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.