'വല്ല നരകത്തിലും പോകട്ടെ'; നിഖാബ് വിവാദത്തില്‍പ്പെട്ട യുവതിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി; വിവാദം

ഇത് ഇന്ത്യയാണ്, പാകിസ്താനല്ല. ഇവിടെ ഒരു നിയമമുണ്ട്. അവര്‍ വേണമെങ്കില്‍ ജോലി സ്വീകരിക്കട്ടെ അല്ലെങ്കില്‍ വല്ല നരകത്തിലും പോകട്ടെ'; എന്നായിരുന്നു ഗിരിരാജ് സിങിന്റെ അധിക്ഷേപ പരാമര്‍ശം.

 

നിതീഷ് കുമാര്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അപ്പോയിന്‍മെന്റ് ലെറ്റര്‍ വാങ്ങാന്‍ പോകുമ്പോള്‍ മുഖം കാണിക്കണ്ടേ എന്നും സിങ് ചോദിച്ചു

നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ യുവതിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. യുവതി ജോലി സ്വീകരിച്ചേക്കില്ല എന്ന വാര്‍ത്തയ്ക്ക് പ്രതികരിക്കുമ്പോഴായിരുന്നു ഗിരിരാജ് സിങിന്റെ അധിക്ഷേപ പരാമര്‍ശം ഉണ്ടായത്. 'ഒന്നില്ലെങ്കില്‍ ജോലി സ്വീകരിക്കട്ടെ, അല്ലെങ്കില്‍ വല്ല നരകത്തിലും പോകട്ടെ' എന്നായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്.

നിതീഷ് കുമാറിനെ പിന്തുണച്ചുകൊണ്ടാണ് ഗിരിരാജ് സിങ് സംസാരിച്ചത്. നിതീഷ് കുമാര്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അപ്പോയിന്‍മെന്റ് ലെറ്റര്‍ വാങ്ങാന്‍ പോകുമ്പോള്‍ മുഖം കാണിക്കണ്ടേ എന്നും സിങ് ചോദിച്ചു. ഇത് ഇസ്ലാമിക രാഷ്ട്രമല്ലെന്നും ഈ രാജ്യത്ത് ഒരു നിയമമുണ്ടെന്നും പറഞ്ഞ ശേഷമായിരുന്നു അധിക്ഷേപ പരാമര്‍ശം. 'ഒരാള്‍ പാസ്പോര്‍ട്ട് എടുക്കാന്‍ പോകുമ്പോള്‍ മുഖം കാണിക്കേണ്ടി വരില്ലേ?, എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ മുഖം കാണിക്കേണ്ടി വരില്ലേ?, ഇത് ഇന്ത്യയാണ്, പാകിസ്താനല്ല. ഇവിടെ ഒരു നിയമമുണ്ട്. അവര്‍ വേണമെങ്കില്‍ ജോലി സ്വീകരിക്കട്ടെ അല്ലെങ്കില്‍ വല്ല നരകത്തിലും പോകട്ടെ'; എന്നായിരുന്നു ഗിരിരാജ് സിങിന്റെ അധിക്ഷേപ പരാമര്‍ശം.

ഗിരിരാജ് സിങിന്റെ ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് എംപി താരിഖ് അന്‍വര്‍ രംഗത്തുവന്നു. ഗിരിരാജ് സിങിനെപ്പോലുള്ള മൂന്നാം കിടക്കാര്‍ക്ക് നമ്മുടേത് മതേതര രാജ്യമാണെന്ന് അറിവിലായിരിക്കുമെന്നും എല്ലാവര്‍ക്കും അവരവരുടെ മതം പിന്തുടരാന്‍ അവകാശം ഉണ്ടെന്നുമായിരുന്നു താരിഖ് അന്‍വറുടെ വിമര്‍ശനം. നിതീഷ് കുമാര്‍ ചെയ്തത് നാണംകെട്ട പ്രവൃത്തിയാണ് എന്നും താരിഖ് വിമര്‍ശിച്ചു.