ഖുറാൻ സൂക്തങ്ങൾ ആലേഖനം ചെയ്ത ആഭരണം ധരിച്ചു; നടി കരീന കപൂറിനെതിരെ വക്കീൽ നോട്ടീസ്
ഖുറാൻ സൂക്തങ്ങൾ ആലേഖനം ചെയ്ത പൗരാണിക ആഭരണം ധരിച്ച് ദീപാവലി ആഘോഷിച്ചുവെന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് നിയമനടപടി സ്വീകരിച്ചു.
ന്യൂഡൽഹി: ഖുറാൻ സൂക്തങ്ങൾ ആലേഖനം ചെയ്ത പൗരാണിക ആഭരണം ധരിച്ച് ദീപാവലി ആഘോഷിച്ചുവെന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് നിയമനടപടി സ്വീകരിച്ചു. ആഭരണം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും നടി പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഡിസൈനർ പുനീത് ബലാന ഒരുക്കിയ കഫ്താനും തലപ്പാവും മരതക ലോക്കറ്റും അണിഞ്ഞുള്ള ചിത്രമാണ് കരീന ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പങ്കുവെച്ചിരുന്നത്. ഭോപ്പാൽ നവാബിന്റെ 200 വർഷം പഴക്കമുള്ള കൾഗിയും ഭോപ്പാൽ ബീഗത്തിന്റെ 30 കാരറ്റ് മരതക ലോക്കറ്റും അണിഞ്ഞുള്ള ചിത്രം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഭോപ്പാൽ രാജകുടുംബാംഗമായ സൈഫ് അലി ഖാൻ വഴിയാണ് ഈ ആഭരണങ്ങൾ കരീനയ്ക്ക് ലഭിച്ചത്. എന്നാൽ ഈ ആഭരണത്തിൽ 'ആയത്തുൽ ഖുർസി' ആലേഖനം ചെയ്തിരുന്നതാണ് വിവാദങ്ങൾക്ക് കാരണം.
ഇസ്ലാമിക പൈതൃകം പ്രകാരം മതവിശ്വാസത്തിന്റെ പ്രതീകമായാണ് ഈ ആഭരണം നിർമിച്ചതെന്നും, അത് ഫാഷൻ പ്രദർശനത്തിനുള്ളതല്ലെന്നും വക്കീൽ നോട്ടീസിൽ അബ്ബാസ് ഹാഫിസ് ചൂണ്ടിക്കാണിക്കുന്നു. ഈ ആഭരണം ധരിച്ച രീതിയും അത് സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ച രീതിയും മുസ്ലിം സമുദായത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.