'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്കണം,അല്ലെങ്കില്‍...'; ആഫ്രിക്കന്‍ വംശജനെ ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലര്‍
ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചില്ലെങ്കില്‍ ഈ പാര്‍ക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല' എന്നാണ് രേണു ഭീഷണിപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ രേണു ചൗധരി തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹിന്ദി അറിയില്ല എന്ന കാരണത്താല്‍ ആഫ്രിക്കന്‍ വംശജനെ ഭീഷണിപ്പെടുത്തി ഡല്‍ഹിയിലെ ബിജെപി കൗണ്‍സിലര്‍. പത്പര്‍ഗഞ്ച് വാര്‍ഡിലെ രേണു ചൗധരി എന്ന ബിജെപി കൗണ്‍സിലറാണ് ഫുട്‌ബോള്‍ പരിശീലകനായ ആഫ്രിക്കന്‍ വംശജനെ ഭീഷണിപ്പെടുത്തിയത്. ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചില്ലെങ്കില്‍ പാര്‍ക്ക് ഉപയോഗിക്കാന്‍ സമ്മതിക്കില്ല എന്നും ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നുമായിരുന്നു രേണുവിന്റെ ഭീഷണി.
സംഭവത്തിന്റെ വീഡിയോ രേണു ചൗധരി തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കിവരികയായിരുന്നു ആഫ്രിക്കന്‍ വംശജന്‍. 15 വര്‍ഷത്തോളം ഈ രാജ്യത്തുണ്ടായിട്ടും ഹിന്ദി പഠിച്ചില്ല എന്നതായിരുന്നു രേണുവിന്റെ ഭീഷണിക്ക് കാരണം. 'നിങ്ങള്‍ ഇനിയും ഹിന്ദി പഠിച്ചില്ല അല്ലെ? ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചില്ലെങ്കില്‍ ഈ പാര്‍ക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല' എന്നാണ് രേണു ഭീഷണിപ്പെടുത്തിയത്.
ഈ സമയത്ത് ചുറ്റുമുള്ളവര്‍ ചിരിച്ചപ്പോള്‍ രേണു ദേഷ്യത്തോടെ അവരോട് മിണ്ടാതെയിരിക്കാന്‍ പറയുന്നുണ്ട്. ' ഞാന്‍ വളരെ സീരിയസ് ആയാണ് സംസാരിക്കുന്നത്. ഞാന്‍ ഇയാളോട് എട്ട് മാസം മുന്‍പേ ഹിന്ദി പഠിക്കാന്‍ പറഞ്ഞതാണ്. ഈ രാജ്യത്തുനിന്ന് നിങ്ങള്‍ പണം സമ്പാദിക്കുന്നുണ്ടങ്കില്‍, നിങ്ങള്‍ ഈ രാജ്യത്തെ ഭാഷയും പഠിച്ചിരിക്കണം' എന്നും രേണു പറയുന്നതായി കാണാം.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തി. പാര്‍ക്ക് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച ആഫ്രിക്കന്‍ വംശജനോട് കോര്‍പ്പറേഷന് പണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്നുണ്ടായ കാര്യങ്ങളാണ് വീഡിയോയില്‍ കണ്ടത് എന്നുമായിരുന്നു രേണുവിന്റെ വിശദീകരണം. എട്ട് മാസം മുന്‍പ് ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ഹിന്ദി അറിയില്ല എന്നാണ് ഇയാള്‍ പറഞ്ഞത്. അതിനാല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഇയാളോട് വേണ്ട രീതിയില്‍ സംസാരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്നും ഹിന്ദി അറിയില്ല എന്നാണ് അയാള്‍ പറയുന്നത് എന്നും അതിനാലാണ് ഇങ്ങനെ പറയേണ്ടിവന്നത് എന്നുമാണ് രേണു പറയുന്നത്. പിന്നാലെ താന്‍ തന്നെ ഹിന്ദി പഠിപ്പിക്കാനായി ഒരാളെ ഏര്‍പ്പാടാക്കാമെന്നും വിദേശികള്‍ ഹിന്ദി സംസാരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നും രേണു പറഞ്ഞു