പേപ്പറിന് 4 ലക്ഷം രൂപ വരെ ; ഹരിയാനയിൽ സിഎസ്‌ഐആർ-നെറ്റ് ചോദ്യപേപ്പർ ചോർത്തി വിൽക്കാൻ ശ്രമം

ഹരിയാനയില്‍ സിഎസ്‌ഐആര്‍- നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തി വിൽക്കാൻ ശ്രമം. ചോദ്യപേപ്പര്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിൽ. മൂന്ന് മുതല്‍ നാലുലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പര്‍ വിൽപ്പന. 37 ഉദ്യോഗാര്‍ത്ഥികളെ ചോദ്യംചെയ്യും. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ വലിയ റാക്കറ്റ് തന്നെ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്
 

ഹരിയാന: ഹരിയാനയില്‍ സിഎസ്‌ഐആര്‍- നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തി വിൽക്കാൻ ശ്രമം. ചോദ്യപേപ്പര്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിൽ. മൂന്ന് മുതല്‍ നാലുലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പര്‍ വിൽപ്പന. 37 ഉദ്യോഗാര്‍ത്ഥികളെ ചോദ്യംചെയ്യും. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ വലിയ റാക്കറ്റ് തന്നെ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡിസംബര്‍ 18-നാണ് നെറ്റ് പരീക്ഷ നടന്നത്. പരീക്ഷ നടക്കുന്നതിന് തൊട്ടുമുന്‍പാണ് സോണിപത്തില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സച്ചിന്‍ കുമാര്‍, ധീരജ് ധന്‍കര്‍ എന്നിവരാണ് അറസ്റ്റിലായത്.

ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ഇവര്‍ ചോര്‍ത്തിയത്. വിദ്യാര്‍ത്ഥികളെ ചോദ്യംചെയ്യാനാണ് പൊലീസ് നീക്കം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ചോദ്യപേപ്പര്‍ ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കാനാണ് നീക്കം.

അറസ്റ്റിലായ ഒരാളുടെ സഹോദരന്‍ അധ്യാപകനാണ്. ഇയാളാണ് പ്രതികള്‍ക്ക് ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയത് എന്ന സൂചനയും പുറത്തുവരുന്നുണ്ട്. മൂന്നുപേര്‍ കൂടി ഇതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ വാദം. അത്തരമൊരു ചോദ്യപേപ്പര്‍ ചോര്‍ച്ചയെപ്പറ്റി അറിയില്ലെന്നാണ് പരീക്ഷാ ഏജന്‍സിയുടെ പ്രതികരണം. ബിജെപി കാലത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച പതിവാകുന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ചോദ്യചിഹ്നം ഇട്ടുകൊടുത്താല്‍ മതി ഉടന്‍ തന്നെ ഉത്തരം വരുമെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. നഴ്‌സറി സ്‌കൂളുകളിലെ ചോദ്യപേപ്പര്‍ പോലും ചോര്‍ത്തുന്നുവെന്നാണ് എന്‍എസ്‌യുഐയുടെ പരിഹാസം.