ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് ചീഫ് ജസ്റ്റിസിനെ കാണാന്‍ അനുമതി കിട്ടിയില്ല

കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നല്‍കിയ അപേക്ഷ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു

 

കാരണം വിശദീകരിച്ച് ചീഫ് ജസ്റ്റിസ് നേതാക്കള്‍ക്ക് ഇമെയില്‍ അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. എന്നാല്‍, കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നല്‍കിയ അപേക്ഷ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ കാരണം വിശദീകരിച്ച് ചീഫ് ജസ്റ്റിസ് നേതാക്കള്‍ക്ക് ഇമെയില്‍ അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കുക, എസ്‌ഐആര്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്താനും രാഹുല്‍ ഗാന്ധി ആഹ്വാനംചെയ്തിരുന്നു. മാര്‍ച്ചിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു.