ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

 ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തന ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരയുന്ന പ്രതിയാണ് സൽമാൻ.

 

ഡൽഹി : ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തന ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരയുന്ന പ്രതിയാണ് സൽമാൻ.

സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്‍ററിന്‍റെ നേതൃത്വത്തിൽ എൻഐഎയുടെയും ഇന്‍റർപോളിന്‍റെ കിഗാലിയിലെ നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൌത്യം നടത്തിയത്.

കഴിഞ്ഞ വർഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയാണ് സൽമാൻ റഹ്മാൻ. ക്രിമിനൽ ഗൂഢാലോചന, പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ-ത്വയിബയിൽ അംഗത്വം, തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ ഭീകര പ്രവർത്തനങ്ങൾക്കായി സൽമാൻ റഹ്മാൻ ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും വിതരണം ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വൻ ആയുധ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് ബംഗളൂരു സിറ്റി പൊലീസ് ഖാനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം നടത്തിയ റെയ്ഡിൽ ഏഴ് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, ഒരു മാഗസിൻ, 45 ബുള്ളറ്റുകൾ, നാല് വാക്കി ടോക്കികൾ എന്നിവ പിടിച്ചെടുത്തിരുന്നു.