മിന്നല്‍ പ്രളയത്തില്‍ ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
അപകടസമയത്ത് ഇരുപതോളം തൊഴിലാളികള്‍ തുരങ്കത്തിലുണ്ടായിരുന്നതായാണ് വിവരം.
രണ്ടോ മൂന്നോ തൊഴിലാളികള്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം.
ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയത്തിന് പിന്നാലെ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങി. ചമോലി ജില്ലയിലെ പിപല്‍കോട്ടിയില്‍ ടിഎച്ച്ഡിസി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 16-ഓളം തൊഴിലാളികളെ രക്ഷിച്ചു. അതേസമയം രണ്ടോ മൂന്നോ തൊഴിലാളികള്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടസമയത്ത് ഇരുപതോളം തൊഴിലാളികള്‍ തുരങ്കത്തിലുണ്ടായിരുന്നതായാണ് വിവരം.
തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(ടിഎച്ച്ഡിസി) ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കത്തിലാണ് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ അപകടമുണ്ടായത്. പ്രദേശത്ത് മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ മണ്ണും വെള്ളവും തുരങ്കത്തിലേക്ക് ഇരച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തി. തുടര്‍ന്നാണ് തുരങ്കത്തില്‍ കുടുങ്ങിയ 16 തൊഴിലാളികളെ പുറത്തെത്തിച്ചത്. ഏതാനുംമണിക്കൂറുകള്‍ക്കുള്ളില്‍ കുടുങ്ങികിടക്കുന്ന ബാക്കി തൊഴിലാളികളെയും പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് കുമാറും പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സൈന്യവും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.