കുരുക്ഷേത്ര എൻ.ഐ.ടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു

ഹരിയാനയിലെ കുരുക്ഷേത്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാമ്പസിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ബിഹാർ ബക്സർ സ്വദേശിയായ ഇരുപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണിത്.
 

 കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാമ്പസിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ബിഹാർ ബക്സർ സ്വദേശിയായ ഇരുപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണിത്. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ട് ഭരണകൂടത്തിനെതിരെ വിദ്യാർഥികളുടെ വൻ പ്രതിഷേധം ഇരമ്പുകയാണ്.

എൽ.എൻ.ജെ.പി ആശുപത്രിയിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 16, മാർച്ച് 31, ഏപ്രിൽ 8 തിയതികളിലായി നേരത്തെയും കാമ്പസിൽ സമാനമായ മരണങ്ങൾ സംഭവിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയാണ് തുടർച്ചയായ മരണങ്ങൾക്ക് കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. കൃത്യമായ സമയത്ത് സഹായമെത്തിക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് പരാജയപ്പെട്ടതായും പ്രതിഷേധക്കാർ പറഞ്ഞു.

സമഗ്രമായ അന്വേഷണം വേണം, കൗൺസിലിങ് സേവനങ്ങൾ മെച്ചപ്പെടുത്തണം, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശക്തമായ സംവിധാനങ്ങൾ ഒരുക്കണം എന്നിവയാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങൾ. അക്കാദമിക് സമ്മർദം, സാമ്പത്തിക പ്രതിസന്ധി, കുടുംബത്തിന്റെ പ്രതീക്ഷകൾ എന്നിവ വിദ്യാർഥികളെ തളർത്തുന്നുണ്ടെന്നും ഇതിനെ നേരിടാൻ പ്രൊഫഷണൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമല്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.