കെ-ടെറ്റ് വിധി: പുനഃപരിശോധന ഹർജി തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കും 

രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി
 

ന്യൂഡൽഹി: രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി . സംസ്ഥാന സർക്കാരിന്റേത് ഉൾപ്പടെയുള്ള പുനഃപരിശോധന ഹർജികൾ ആണ് മെയ് 13 -ന് തുറന്ന കോടതിയിൽ പരിഗണിക്കുന്നത്. കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളിലെ 50000-ത്തോളം അധ്യാപകരെ സംബന്ധിച്ചെടുത്തോളം ആശ്വാസകരമായ ഒരു നടപടിയാണ് ഉണ്ടായത്.

കേരള സർക്കാരും വിവിധ സംഘടനകളും ഉൾപ്പടെ 45-ഓളം പുനഃപരിശോധന ഹർജികൾ ആണ് ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ചേംബറിൽ പരിഗണിച്ചത്. നിലവിൽ ഉള്ള അധ്യാപകർക്ക് അവർ ജോലിയിൽ പ്രവേശിച്ചപ്പോൾ ഉള്ള നിയമത്തിന്റെയും, ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സർവ്വീസിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കിയാൽ നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി അടക്കം ഉയർന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും. ഇവർ വീണ്ടും യോഗ്യതാ പരീക്ഷയായ ടെറ്റ് പാസായാൽ മാത്രമേ ജോലിയിൽ തുടരാനും പ്രമോഷനും അവസരം ലഭിക്കൂ.

2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നും ആണെന്നാണ് സർക്കാർ ആവശ്യം. കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണ് ടെറ്റെന്നും സ്‌കൂൾ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാ അധ്യാപകരും പാസാകണമെന്നുമാണ് സുപ്രീം കോടതി മുൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.