കോട്ടയിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ക്ക് കാരണം പ്രണയബന്ധങ്ങൾ : രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവ

 

ജയ്പൂര്‍: എന്‍ട്രന്‍സ് കോച്ചിംഗ് ഹബ്ബായ കോട്ടയിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ക്ക് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവ. പഠനത്തിനായി കുട്ടികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താതെ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികള്‍ എവിടെയൊക്കെ പോകുന്നുവെന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചില വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയത് പ്രണയബന്ധങ്ങള്‍ മൂലമാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം നാല് വിദ്യാര്‍ത്ഥികള്‍ കോട്ടയില്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

‘നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ തെറ്റായ ദിശയിലേക്ക് പോകും. എന്റെ വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തുമെന്ന് അറിയാം. മാതാപിതാക്കള്‍ ശ്രദ്ധയുള്ളവരായിരിക്കണം. അവര്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തരുത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.