പശ്ചിമ ബംഗാളിൽ ജോലി പോയതിൽ പ്രതിഷേധിച്ച അധ്യാപകരെ തൊഴിച്ചും ചവിട്ടിയും ​നേരിട്ട് കൊൽക്കത്ത പൊലീസ്

പശ്ചിമ ബംഗാളിൽ ജോലി പോയതിൽ പ്രതിഷേധിച്ച സ്കൂൾ ജീവനക്കാരെ നടുറോഡിൽ ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയത് കൊൽക്കത്ത പൊലീസ്.

 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജോലി പോയതിൽ പ്രതിഷേധിച്ച സ്കൂൾ ജീവനക്കാരെ നടുറോഡിൽ ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയത് കൊൽക്കത്ത പൊലീസ്. ബുധനാഴ്ച കസ്ബയിലെ സ്കൂളുകളുടെ ജില്ലാ ഇൻസ്പെക്ടറുടെ ഓഫിസിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പിരിച്ചുവിട്ട അധ്യാപക-അനധ്യാപക ജീവനക്കാർ പൊലീസിന്റെ മുഴുവൻ ധാർഷ്ട്യത്തിനും ഇരകളായി. രണ്ടു പേർക്കെതിരെ കേസുകൾ എടുത്തതായും റി​പ്പോർട്ടുണ്ട്.

പ്രതിഷേധ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അധ്യാപകനെ ചവിട്ടുന്നതും മറ്റ് പൊലീസുകാർ ഗേറ്റ് ചാടിക്കടന്ന്പ്രതിഷേധക്കാർക്കെതിരെ ലാത്തി പ്രയോഗിക്കുന്നതും കാണാം.

ഇത്തരം നടപടി ആഗ്രഹിക്കാത്തതാണെന്നും ജോലി നഷ്ടപ്പെട്ടവരോട് നിയമം കൈയിലെടുക്കരുതെന്നും കൊൽക്കത്ത പൊലീസ് കമീഷണർ മനോജ് വർമ അഭ്യർഥിച്ചു. പൊലീസിനെ ആദ്യം ആക്രമിച്ചതായി വർമ അഭിപ്രായപ്പെട്ടു. ‘ഞങ്ങൾ മുഴുവൻ ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ഞങ്ങളുടെ ഡെപ്യൂട്ടി കമീഷണർമാർ സ്ഥലത്തുണ്ട്. അവർ റിപ്പോർട്ട് സമർപ്പിക്കും. ദൃശ്യങ്ങളിൽ കാണുന്നതുപോലെ അത്തരം നടപടി അഭികാമ്യമല്ല. അതേസമയം, ഏത് സാഹചര്യത്തിലാണ് പൊലീസ് ഇത് ചെയ്യാൻ നിർബന്ധിതരായതെന്ന് കൂടി പരിഗണിക്കേണ്ടതുണ്ട് -വർമ പറഞ്ഞു.