കൊൽക്കത്തയിൽ ഹോട്ടലിൽ തീപിടിത്തം ;  ഒമ്പത് പേർക്ക് ദാരുണാന്ത്യം 

 

 കൊൽക്കത്ത: കൊൽക്കത്തയിലെ ഫ്രീ സ്‌കൂൾ സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടും. മരിച്ചവരെല്ലാം ചികിത്സാ ആവശ്യങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറ് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ആരെങ്കിലും ഹോട്ടലിൽ കുടുങ്ങി കിടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തീപിടിത്തിന്റെ കാരണം വ്യക്തമല്ല. പുക ശ്വസിച്ച് നിരവധി പേർ ബോധരഹിതരായെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ അറിയിച്ചു. . 

ഇക്കഴിഞ്ഞ തിങ്കളാഴ്ച പശ്ചിമബംഗാളിലെ താരാപിത്ത് പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിന് തീപിടിച്ച് എട്ട് പേർ മരിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. തീപെട്ടെന്ന് ആളിപ്പടർന്നതായിരുന്നു മരണസംഖ്യ ഉയർത്തിയത്.