കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം
ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. അര ല
കൊൽക്കത്ത: ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. അര ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജി അനിരംഭൻ ദാസാണ് കേസിൽ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സുരക്ഷ സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന നിർണായക നിരീക്ഷണവും കോടതി നടത്തി.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയിൽ പറഞ്ഞു.
നിർഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2024 ആഗസ്റ്റ് ഒമ്പതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു.
തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.