പല രാജ്യങ്ങളിലും ഇന്ധന വില 100% വരെ വർധിപ്പിച്ചപ്പോൾ, ഇന്ത്യ പെട്രോളിന് 3.2% വും ഡീസലിന് 3.4% വും ആയി പരിമിതപ്പെടുത്തി ; കിരൺ റിജിജു

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം തികച്ചും സന്തുലിതവും അനിവാര്യവുമായ നടപടിയാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.

 

 ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം തികച്ചും സന്തുലിതവും അനിവാര്യവുമായ നടപടിയാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. അന്താരാഷ്ട്ര പ്രതിസന്ധികൾ മറ്റ് പല രാജ്യങ്ങളിലും നിയന്ത്രണാതീതമായ പണപ്പെരുപ്പത്തിന് കാരണമായപ്പോഴും ഇന്ത്യ വേറിട്ടുനിന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധന വിലവർധനവിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ നാല് വർഷത്തിനിടയിലെ ആദ്യത്തെ വില പരിഷ്കരണമാണിതെന്നും ആഗോള ഊർജ്ജ വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടും ഇന്ത്യയിൽ വർധനവ് വളരെ കുറഞ്ഞ തോതിൽ മാത്രമാണ് നിലനിർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 'പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ലോകമെമ്പാടും ഇന്ധനവില കുതിച്ചുയർന്നപ്പോൾ ഇന്ത്യ അതിനെയെല്ലാം പ്രതിരോധിച്ച് വേറിട്ടുനിന്നു. പല രാജ്യങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ 20% മുതൽ 100% വരെ വർധനവുണ്ടായപ്പോൾ, ഇന്ത്യയിൽ പെട്രോളിന് +3.2 ശതമാനവും ഡീസലിന് +3.4 ശതമാനവുമായി പരിമിതപ്പെടുത്താൻ സാധിച്ചു' -കിരൺ റിജിജു വ്യക്തമാക്കി.

ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുകയും ആഗോള വിപണി അസ്ഥിരമാകുകയും ചെയ്തപ്പോഴും, പൗരന്മാരെ പണപ്പെരുപ്പത്തിൽ നിന്നും സാമ്പത്തിക സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാൻ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ ആഴ്ചകളോളം വലിയ നഷ്ടം സഹിച്ചു. ഇതാണ് ഉത്തരവാദിത്തമുള്ള ഭരണം. ജനങ്ങൾക്ക് മുൻഗണന നൽകുന്ന നേതൃത്വമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.