മഹാരാഷ്ട്രയിൽ രാജവെമ്പാല വിഷം പിടികൂടി; രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ നിന്ന് രണ്ട് ലിറ്റർ രാജവെമ്പാല വിഷവും വന്യമൃഗങ്ങളുടെ തോലുകളും തോക്കും ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് നായാട്ടുകാരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായാട്ടുസംഘത്തെക്കുറിച്ചാണ് അധികൃതർക്ക് വിവരം ലഭിച്ചത്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്ന് രണ്ട് ലിറ്റർ രാജവെമ്പാല വിഷവും വന്യമൃഗങ്ങളുടെ തോലുകളും തോക്കും ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് നായാട്ടുകാരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായാട്ടുസംഘത്തെക്കുറിച്ചാണ് അധികൃതർക്ക് വിവരം ലഭിച്ചത്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ അനധികൃതമായി വിഷം കൈമാറ്റം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
നവംബർ 25-ന് പുനെയുടെ പ്രാന്തപ്രദേശത്ത് നടത്തിയ പരിശോധനയിൽ ഇൻഫ്ലൂവൻസറെയും ഇടനിലക്കാരനെയും വിഷം വാങ്ങാനെത്തിയ ആളെയും പിടികൂടി. രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റർ രാജവെമ്പാല വിഷവും ഇവരിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് നവംബർ 26-ന് പൻവേലിൽ നടത്തിയ പരിശോധനയിൽ ഒരാളിൽ നിന്ന് കടുവയുടെയും പുള്ളിപ്പുലിയുടെയും തോലുകൾ പിടിച്ചെടുത്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നവി മുംബൈയിലെ ഒരു പാർപ്പിടസമുച്ചയത്തിലെ രണ്ട് സ്ത്രീകളിൽ നിന്ന് ഒരു ചീറ്റയുടെ തോലും എയർ ഗണ്ണും കണ്ടെത്തി.പിടിയിലായ ആറ് പേരെയും തുടർനടപടികൾക്കായി മഹാരാഷ്ട്ര വനംവകുപ്പിന് കൈമാറിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.