കേതന്‍ അഗര്‍വാളിന്റെ കൊലപാതകം ; കേസില്‍ മൂന്നാമതൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്

22 കാരനായ ചേതന്റെ സുഹൃത്തിനെ എസ്ഐടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

 

കൊലപാതകത്തിന്റെ ആസൂത്രണത്തിലടക്കം ചേതന്റെ സുഹൃത്തിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. പ്രതി സിയ ഗോയലിനും ചേതനും പുറമെ മൂന്നാമതൊരാള്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ചേതന്‍ ചൗദരിയുടെ സുഹൃത്താണ് ഇയളെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം സിയയും ചേതനും ഉറ്റസുഹൃത്തിനെ വിളിച്ചു. കൊലപാതകത്തിന്റെ ആസൂത്രണത്തിലടക്കം ചേതന്റെ സുഹൃത്തിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. 22 കാരനായ ചേതന്റെ സുഹൃത്തിനെ എസ്ഐടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇയാളിലേക്കെത്തിയതെന്നാണ് വിവരം.

സിയയേയും ചേതനേയും ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യാനും എസ്ഐടി ലക്ഷ്യമിടുന്നുണ്ട്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൂനെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനാണ് നീക്കം. സിയയെ നുണപരിശോധനക്ക് വിധേയയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.