കെജ്രിവാളിന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ സുനിത കെജ്രിവാള്‍

 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ സുനിത കെജ്രിവാള്‍. ഒരു മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്റെ ഭര്‍ത്താവിനെ മദ്യനയ കേസില്‍ കുടുക്കിയതെന്ന് ജന്തര്‍ മന്തറില്‍ നടന്ന ഇന്‍ഡ്യ ബ്ലോക്ക് റാലിയെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്‍ഡ്യ ബ്ലോക്ക് നേതാക്കള്‍ ജന്ദര്‍മന്തറില്‍ ഒത്തുകൂടിയത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ ഭര്‍ത്താവിനെ ജയിലില്‍ അടച്ചിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമെന്ന് സുനിത പറഞ്ഞു.

മാര്‍ച്ചില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ തെളിവുകളില്ലാതെയാണ് ജയിലിലടച്ചത്. അരവിന്ദ് കെജ്രിവാളുമായി മഗുന്ത റെഡ്ഡി ഒരു തവണ മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെകൊണ്ട് നിര്‍ബന്ധിച്ച് ക്രെജ്രിവാളിനെതിരെ ഇ.ഡി മൊഴി കൊടുപ്പിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവ് 22 വര്‍ഷമായി പ്രമേഹബാധിതനാണ്. ഷുഗര്‍ കൂടുന്നത് നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ എടുക്കാന്‍ അദ്ദേഹത്തിന് കോടതിയില്‍ പോകേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു. 400 കടക്കുക എന്ന മുദ്രാവാക്യം വിളിച്ച ബിജെപി 240ല്‍ ഒതുങ്ങിയെന്നും അഹങ്കാരം അല്‍പ്പം കുറഞ്ഞുവെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇത് ജനങ്ങള്‍ തകര്‍ക്കുമെന്നും സുനിത കൂട്ടിച്ചേര്‍ത്തു.