കെജ്‌രിവാളിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ നിരാശയുടെയും രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെയും വ്യക്തമായ തെളിവാണ് ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ നടത്തിയ നീ ആരാണ്? എന്ന പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. കെജ്‌രിവാളിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ നിരാശയുടെയും രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെയും വ്യക്തമായ തെളിവാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആരോപിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളെച്ചൊല്ലിയാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള വാക്‌പോര് മുറുകിയത്. ഹിന്ദു ദേവതകളെ അപമാനിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നുവെന്ന് ലഖ്നോവിൽ നടന്ന ബി.ജെ.പി ശക്തി കേന്ദ്ര സംയോജക് സമ്മേളനത്തിൽ നിതിൻ നബിൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് കെജ്‌രിവാൾ നിങ്ങൾ ആരാണ്? എന്ന് ചോദിച്ചത്.
എക്സ് പോസ്റ്റിലൂടെയാണ് രേഖ ഗുപ്ത നിതിൻ നബിന്റെ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് കെജ്‌രിവാളിന് മറുപടി നൽകിയത്. ‘അരവിന്ദ് കെജ്‌രിവാൾ, ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനാണ് 46കാരനായ നിതിൻ നബിൻ. ബിഹാറിലെ ബങ്കിപ്പൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, യുവമോർച്ചയിലൂടെ വളർന്ന് ഈ പദവിയിലെത്തിയ വ്യക്തിയാണ്. നിലവിൽ രാജ്യസഭാംഗവുമാണ്’ രേഖ ഗുപ്ത കുറിച്ചു.