പാർലമെന്റ് വർഷകാല സമ്മേളനം : കേന്ദ്ര സർക്കാരിന്റെ ഒളിച്ചോട്ടവും ഭീരുത്വവും തുറന്നുകാട്ടപ്പെട്ടുവെന്ന് കെ.സി വേണുഗോപാൽ
19 പ്രവൃത്തി ദിവസങ്ങൾ നീണ്ടുനിന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഒളിച്ചോട്ടവും ഭീരുത്വവുമാണ് രാജ്യം കണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സഭയെയും രാജ്യത്തെയും അപഹസിച്ച ആഭ്യന്തരമന്ത്രിയുടെ ചായസൽക്കാരത്തിൽ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടോടെ പ്രതിപക്ഷം ഒന്നടങ്കം അത് ബഹിഷ്കരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹി: 19 പ്രവൃത്തി ദിവസങ്ങൾ നീണ്ടുനിന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഒളിച്ചോട്ടവും ഭീരുത്വവുമാണ് രാജ്യം കണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന ക്രൂരമായ പെല്ലറ്റ് ഗൺ പ്രയോഗത്തിനും ഉത്തരവിട്ടത് ആരാണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. 17 ദിവസത്തോളം സഭയിൽ നിന്ന് വിട്ടുനിന്ന ആഭ്യന്തരമന്ത്രി, സഭ പിരിയുന്ന അവസാന ഘട്ടത്തിൽ കേവലം ഒരു മിനിറ്റ് നീണ്ട വന്ദേമാതരം പരിപാടിക്കായി മാത്രമാണ് സഭയിലെത്തിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
സഭയെയും രാജ്യത്തെയും അപഹസിച്ച ആഭ്യന്തരമന്ത്രിയുടെ ചായസൽക്കാരത്തിൽ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടോടെ പ്രതിപക്ഷം ഒന്നടങ്കം അത് ബഹിഷ്കരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ മറവിൽ കോടിക്കണക്കിന് വിശ്വാസികളുടെ പണം തട്ടിയെടുത്തെന്ന ആരോപണങ്ങളോടും വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുന്നിൽ ഭരണകൂടത്തിന് പിന്നോട്ടുപോകേണ്ടിവന്ന സാഹചര്യത്തോടും പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ കേന്ദ്ര സർക്കാരിന്റെ കപടമുഖം പാർലമെന്റിൽ പൂർണമായും തുറന്നുകാട്ടപ്പെട്ടുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിർണായക നിയമങ്ങൾ തിടുക്കത്തിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിയത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് അദാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് ഖനനാനുമതി നൽകാൻ ലക്ഷ്യമിട്ടുള്ള മൈനിംഗ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ച് ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെയും ചാരിറ്റി സംഘടനകളെയും ലക്ഷ്യമിട്ട് കൊണ്ടുവന്ന എഫ്.സി.ആർ.എ. ഭേദഗതി ബില്ലിനെ കോൺഗ്രസ് ശക്തമായി എതിർത്തതിനെത്തുടർന്നാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി.) വിടാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ നടത്തിയതായി ആരോപിക്കപ്പെടുന്ന 'ശുദ്ധീകരണ' ചടങ്ങ് ദളിത് സമൂഹത്തോടുള്ള ബിജെപിയുടെ വികലമായ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗാന്ധി-അംബേദ്കർ പ്രതിമകൾക്ക് മുന്നിൽ കോൺഗ്രസ് ശക്തമായ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
പാർലമെന്റിൽ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നതിലും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്നതിലും പ്രതിപക്ഷം തുടർന്നും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.