സാധാരണക്കാരായ ജനങ്ങൾ നൽകിയ സ്വർണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നത് ; അയോധ്യ സംഭാവനാ തട്ടിപ്പിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ കെ സി വേണുഗോപാൽ
അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ കേന്ദ്ര സർക്കാരിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സാധാരണക്കാരായ ജനങ്ങൾ നൽകിയ സ്വർണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ കേന്ദ്ര സർക്കാരിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സാധാരണക്കാരായ ജനങ്ങൾ നൽകിയ സ്വർണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം നടന്നത് ട്രസ്റ്റ് ഭാരവാഹിളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യപ്പെട്ടു. സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തന്നെ സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നിട്ടും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. എന്നാൽ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒത്താശയാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും മിണ്ടുന്നില്ല. വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ കോൺഗ്രസിന് രാഷ്ട്രീയ വിഷയമല്ല. എന്നാൽ ബിജെപി എല്ലാക്കാലത്തും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് അയോധ്യയെ ഉപയോഗിച്ചിട്ടുള്ളത്. പാർലമെന്റ് സമ്മേളനത്തിൽ ഏറ്റവും കൂടുതൽ ചോദ്യം ഉയരാൻ പോകുന്നതും അയോധ്യ കൊള്ളയിൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി മേൽനോട്ടം വഹിക്കുന്ന ഒരു അന്വേഷണം കൊണ്ട് മാത്രമേ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോധ്യ രാമക്ഷേത്ര കൊള്ളയിൽ കേരളത്തിലെ ബിജെപി എന്താണ് മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു. രാമക്ഷേത്രം കൊള്ളയടിച്ചത് ബിജെപി തന്നെയെന്നും അദ്ദേഹം ആരോപിച്ചു. ബദരിനാഥ് , കേദാർനാഥ് ക്ഷേത്രങ്ങളിലും കൊളള നടന്നെന്ന ആരോപണവുമുണ്ടായി. കോൺഗ്രസ് രാജ്യവ്യാപകമായി വിഷയത്തിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങൾ സംഭവത്തിൽ കേന്ദ്രത്തെ വിമർശിക്കാൻ ഭയക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 12 വർഷത്തിനിടെ ഒരു വാർത്താ സമ്മേളനം പോലും നടത്താത്ത ആളാണ് പ്രധാനമന്ത്രിയെന്നും വിമർശിച്ചു. കെപിസിസി പ്രസിഡന്റ് ചർച്ചയിൽ പ്രസിഡന്റ് ഉടൻ വരുമെന്നും ശുഭമായി എല്ലാം പര്യവസാനിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം വിഴഞ്ഞത്തെ വിദേശനിക്ഷേപ വിവാദത്തിൽ കെ സി വേണുഗോപാൽ പ്രതിരകരിച്ചില്ല. ഇന്നത്തെ തന്റെ ഫോക്കസ് അയോധ്യ എന്നായിരുന്നു വിശദീകരണം.