കേരളത്തിൽ കന്നഡ മാധ്യമമായിട്ടുള്ള വിദ്യാലയങ്ങളിൽ മലയാളം ഒന്നാംഭാഷയാക്കാനുള്ള കേരളത്തിൻറെ നീക്കത്തിനെതിരെ കർണാടക സർക്കാർ

 

 കേരളത്തിൽ കന്നഡ മാധ്യമമായിട്ടുള്ള വിദ്യാലയങ്ങളിൽ മലയാളം ഒന്നാംഭാഷയാക്കാനുള്ള കേരളത്തിൻറെ നീക്കത്തിനെതിരെ കർണാടക സർക്കാർ രംഗത്ത്. നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്നും കർണാടക ആവശ്യപ്പെട്ടു.

2025ൽ കേരള നിയമസഭ പാസാക്കിയ മലയാളം ഭാഷാ ബില്ലിലാണ് കന്നഡ മീഡിയം സ്‌കൂളുകളിൽ മലയാളം ഒന്നാംഭാഷയാക്കണമെന്ന നിബന്ധന മുന്നോട്ട് വച്ചിട്ടുള്ളത്. ബിൽ സർക്കാരിൻറെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയോട് ചേർന്നുള്ള കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ 202 കന്നഡ മീഡിയം വിദ്യാലയങ്ങളാണ് ഉള്ളത്.നിർദ്ദിഷ്‌ട ബിൽ ഭാഷാ സ്വാതന്ത്ര്യത്തിൻറെ ഹൃദയം തന്നെ ഇല്ലാതാക്കുമെന്നും കേരളത്തിൻറെ അതിർത്തി ജില്ലകളുടെ യാഥാർത്ഥ്യങ്ങളെ തകർക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ എക്‌സിൽ കുറിച്ചു.

അതേസമയം മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിന് എല്ലാ അവകാശങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധരാമയ്യ ഇത്തരം പ്രോത്സാഹനങ്ങൾ പക്ഷേ അടിച്ചേൽപ്പിക്കൽ ആകരുതെന്നും കൂട്ടിച്ചേർത്തു. അത് കൊണ്ട് കേരള സർക്കാർ ഇത്തരമൊരു നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും ഭരണഘടനാ ധാർമ്മികത ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ബിൽ നിയമമായാൽ കർണാടക ഇതിനെ ഭരണഘടന ഉറപ്പ് നൽകുന്ന എല്ലാ അവകാശങ്ങളും ഉപയോഗിച്ച് നഖശിഖാന്തം എതിർക്കുമെന്നും അവർ വ്യക്തമാക്കി. കാസർകോട്ട് താമസിക്കുന്ന എല്ലാ കന്നഡക്കാർക്കും ഒപ്പമാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.