ബെംഗളൂരുവിൻ്റെ യാത്രാ സംവിധാനങ്ങൾക്ക് കരുത്ത് പകരാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പിന്തുണ നൽകുമെന്ന് കർണാടക സർക്കാർ
ഐടി നഗരമായ ബെംഗളൂരുവിൻ്റെ യാത്രാ സംവിധാനങ്ങൾക്ക് കരുത്ത് വർധിപ്പിച്ച് ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടി. കർണാടക മന്ത്രിസഭ ബെംഗളൂരു - ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി.
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ യാത്രാ സംവിധാനങ്ങൾക്ക് കരുത്ത് വർധിപ്പിച്ച് ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടി. കർണാടക മന്ത്രിസഭ ബെംഗളൂരു - ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറയും. കേന്ദ്ര ബജറ്റിൽ പരാമർശിക്കപ്പെട്ട പദ്ധതി ഭൂമി ഏറ്റെടുക്കൽ, റൂട്ട് അലൈൻമെന്റ്, അടിസ്ഥാന സൗകര്യ ഏകോപനം എന്നിവയിൽ കൂടിയാലോചനകൾ ആരംഭിച്ചതോടെ ഇപ്പോൾ വിശദമായ ആസൂത്രണത്തിലേക്ക് നീങ്ങുകയാണ്. ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എംബി പാട്ടീൽ പറഞ്ഞു.
നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ ഇടനാഴി സുഗമവും വേഗത്തിലുള്ളതുമായ ഒരു ബദൽ നൽകും. ബെംഗളൂരു - ഹൈദരാബാദ് നഗരങ്ങൾക്ക് ഇടയിലുള്ള യാത്രാ സമയം കുറയുന്നതിനൊപ്പം പ്രാദേശിക വികസനം ഉൾപ്പെടെയുള്ളവ സാധ്യമാകും. നിലവിൽ ഐടി നഗരമായ ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള ട്രെയിൻ യാത്രാ സമയം 8 മുതൽ 12 മണിക്കൂർ വരെ എടുക്കും. നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ ഇടനാഴി വരുന്നതോടെ സുഗമവും വേഗത്തിലുള്ളതുമായ ബദൽ യാത്രാ ഒരുക്കും. അതിനൊപ്പം ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങൾ തമ്മിലുള്ള സാമ്പത്തിക സംയോജനം ശക്തിപ്പെടുത്താൻ പദ്ധതിക്ക് സാധിക്കും.
മൂന്ന് സംസ്ഥാനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് നിർദ്ദിഷ്ട പാത. അതിവേഗ റെയിൽ ഇടനാഴി ഏകദേശം 626 കിലോമീറ്റർ ദൈർഘ്യമുള്ളതും കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതുമാണ്. ഏകദേശം 101 കിലോമീറ്റർ ട്രാക്ക് കർണാടകയിലൂടെയാകും കടന്നുപോകുക. കർണാടകയിൽ മൂന്നോളം സ്റ്റേഷനുകൾ ഉണ്ടാകും. ഗൗരിബിദാനൂർ താലൂക്കിലെ അലിപുര, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളി, ബെംഗളൂരു റൂറൽ ജില്ലയിലെ കോടിഹള്ളി എന്നിവടങ്ങളിലാകും സ്റ്റേഷനുകൾ ഉയരുക. ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് വിമാനത്താവള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്താൻ ദേവനഹള്ളി സ്റ്റേഷന് കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.