പശ്ചിമ ബംഗാളിൽ ക്രൈസ്തവ ദേവാലയത്തിന് സമീപമുണ്ടായിരുന്ന കന്യാ മറിയത്തിൻറെ പ്രതിമ അടിച്ചുതകർത്തു 

പശ്ചിമ ബംഗാളിലെ തെക്കൻ 24 പർഗാനാസ് ജില്ലയിലെ റായ്ദിഘിയിൽ ക്രൈസ്തവ ദേവാലയത്തിന് സമീപമുണ്ടായിരുന്ന കന്യാ മറിയത്തിൻറെ പ്രതിമ അടിച്ചുതകർത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ പ്രദേശവാസിയായ ബാബുൽ മാലിക് ആണ് കേടുപാടുകൾ വരുത്തിയ നിലയിൽ പ്രതിമ കണ്ടത്. തുടർന്ന് അദ്ദേഹം പ്രാദേശിക ക്രൈസ്തവ നേതാവ് ഖോകൻ ഘോസിനെ വിവരം അറിയിക്കുകയായിരുന്നു.

 

 കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തെക്കൻ 24 പർഗാനാസ് ജില്ലയിലെ റായ്ദിഘിയിൽ ക്രൈസ്തവ ദേവാലയത്തിന് സമീപമുണ്ടായിരുന്ന കന്യാ മറിയത്തിൻറെ പ്രതിമ അടിച്ചുതകർത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ പ്രദേശവാസിയായ ബാബുൽ മാലിക് ആണ് കേടുപാടുകൾ വരുത്തിയ നിലയിൽ പ്രതിമ കണ്ടത്. തുടർന്ന് അദ്ദേഹം പ്രാദേശിക ക്രൈസ്തവ നേതാവ് ഖോകൻ ഘോസിനെ വിവരം അറിയിക്കുകയായിരുന്നു.

ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശത്താണ് സംഭവം. ഇരുട്ടിൻറെ മറവിൽ സാമൂഹ്യവിരുദ്ധർ കന്യാ മറിയത്തിൻറെ പ്രതിമ തകർക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാണ് അവരുടെ അവശ്യം. പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കും ദേവാലയങ്ങൾക്കുമെതിരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ നാട്ടുകാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങൾക്ക് വേണ്ടത്ര സംരക്ഷണം നൽകാൻ അധികാരികൾ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് പള്ളി അധികൃതർ റായ്ദിഘി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ലെന്നും ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. വിശ്വാസികളിൽ ചിലർക്ക് ഇതിന് പിന്നിൽ സംഘപരിവാർ സംഘടനകളാണോ എന്ന സംശയമുണ്ട്.

സംഭവസ്ഥലം സന്ദർശിച്ച റീജൻ കത്തോലിക്കാ പാസ്റ്ററൽ ഏരിയയുടെ ചുമതലയുള്ള ഫാദർ ഉജ്ജ്വൽ മൊണ്ഡാൽ, ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താനാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് ആരോപിച്ചു.

"സമൂഹത്തെ സഹിക്കാനാവാത്തവരാണ് മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരുട്ടിന്റെ മറവിൽ ഈ ക്രൂരത കാണിച്ചത്. സംഭവസ്ഥലത്ത് വെച്ച് ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. അതിനാൽ പ്രദേശത്ത് സാമുദായിക സൗഹാർദ്ദം നിലനിർത്താൻ കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്"- അദ്ദേഹം പറഞ്ഞു.

പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങൾക്ക് കർശന സുരക്ഷയൊരുക്കണമെന്ന് ക്രൈസ്തവ സമൂഹം സർക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടു.