'കങ്കണയെ അറസ്റ്റ് ചെയ്യണം, ചിത്രം നിരോധിക്കണം'; കോടതിയെ സമീപിച്ച് സിഖ് സംഘടനകള്‍
കങ്കണ റണാവത്ത് നായികയായി എത്തുന്ന 'എമര്‍ജന്‍സി' സിനിമ നിരോധിക്കണമെന്ന് വിവിധ സിഖ് സംഘടനകള്‍. മധ്യപ്രദേശിലെ സിഖ് സംഘടനകളാണ് റിലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജബല്‍പൂര്‍ സിഖ് സംഗത്തും ശ്രീ ഗുരു സിംഗ് സാഹിബ് ഇന്‍ഡോറും ചേര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അടിയന്തിരാവസ്ഥയുടെ കഥ പറയുന്ന എമര്‍ജന്‍സിയില്‍ ഇന്ദിര ഗാന്ധിയായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രത്തില്‍ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചത്. 20 ഗുരുദ്വാരകളും 16 സ്‌കൂളുകളും 5 കോളേജുകളും ഉള്‍ക്കൊള്ളുന്നതാണ് ജബല്‍പൂര്‍ സിഖ് സംഗത്, 30 ഗുരുദ്വാരകള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ശ്രീ ഗുരു സിംഗ് സാഹിബ് ഇന്‍ഡോര്‍. ഇരുസംഘടനകളും സംയുക്തമായി യോഗം ചേര്‍ന്ന ശേഷമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലറില്‍ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നെന്നും സമുദായം വോട്ടിന് പകരം ഖലിസ്ഥാന്‍ ആവശ്യപ്പെടുന്നവരായും സിഖുകാരെ ബസില്‍ നിന്ന് ഇറക്കി വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതായും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.