ആരാധകരുടെ തിരക്കില്‍ കാജല്‍ രാഘ്വാനിയുടെ ഉത്ഘാടന പരിപാടി അലങ്കോലമായി; നടിയുടെ കാറിന്റെ ചില്ല് തകര്‍ന്നു

പരിപാടി പൂര്‍ത്തിയാക്കാതെ നടിക്ക് മടങ്ങേണ്ടിവന്നു.

 

വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ സുരക്ഷാ ജീവനക്കാര്‍ കാജലിനെ കാറിലേക്ക് മാറ്റുകയായിരുന്നു.

ബിഹാറിലെ നളന്ദ ജില്ലയിലെ ബിഹാര്‍ഷരീഫില്‍ ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിനെത്തിയ ഭോജ്പുരി നടി കാജല്‍ രാഘ്വാനിയുടെ പരിപാടി ആരാധകരുടെ അമിതമായ തിരക്കിനെ തുടര്‍ന്ന് അലങ്കോലമായി. നടിയെ കാണാനായി വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ സുരക്ഷാ ജീവനക്കാര്‍ കാജലിനെ കാറിലേക്ക് മാറ്റുകയായിരുന്നു.

കാജല്‍ കാറില്‍ കയറിയതിന് പിന്നാലെയും ആരാധകര്‍ വാഹനത്തിന് പിന്നാലെ ഓടിയെത്തി. ഇതിനിടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പരിപാടി പൂര്‍ത്തിയാക്കാതെ നടിക്ക് മടങ്ങേണ്ടിവന്നു.

സംഭവത്തില്‍ തനിക്ക് പരുക്കേറ്റിട്ടില്ലെന്നും സുരക്ഷിതയാണെന്നും കാജല്‍ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്തുണയ്ക്കാനെത്തിയ ആരാധകര്‍ക്ക് നന്ദിയും താരം അറിയിച്ചു. പരിപാടിക്ക് ആവശ്യമായ അനുമതിയില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അനുമതി വാങ്ങിയിരുന്നതായി സംഘാടകരും വ്യക്തമാക്കി.