കാബൂളിലെ പള്ളിയില്‍ സ്ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

കാബൂളിലെ പള്ളിയില്‍ സ്ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

 



അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പത്തിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നാല് പേര്‍ മരണപ്പെട്ടത്.


അടുത്തിടെ കാബൂളില്‍ പള്ളികള്‍ ലക്ഷ്യമിട്ട് നിരവധി തവണ ആക്രമണങ്ങളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണിത്. ആക്രമണങ്ങളില്‍ ചിലതിന്റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തിരുന്നു.


കഴിഞ്ഞ ദിവസം നിരവധി വിദേശ എംബസികളുടെയും നാറ്റോയുടെയും കേന്ദ്രമായ വസീര്‍ അക്ബര്‍ ഖാനില്‍ സ്ഫോടനം നടന്നിരുന്നു. നിലവില്‍ താലിബാന്റെ ഭരണത്തിന് കീഴിലാണ് വസീര്‍ അക്ബര്‍ ഖാന്‍.

താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതിന് മുമ്പ്, 2020 ജൂണില്‍ നടന്ന സ്‌ഫോടനം ഉള്‍പ്പെടെ, നിരവധി ആക്രമണങ്ങള്‍ ഈ പള്ളിയെ ലക്ഷ്യമിട്ട് നടന്നിരുന്നു. അന്നുണ്ടായ സ്ഫോടനത്തില്‍ പള്ളി ഇമാം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.