കെ ബാലകൃഷ്ണൻ പ്രസിഡന്റും, അഡ്വ. വൈ. എ റഹീം ജനറൽ സെക്രട്ടറിയും; ഷാർജ ഇന്ത്യൻ അസോസിയേഷന് പുതിയ് ഭാരവാഹികൾ

ഇന്ത്യക്ക് പുറത്തുള്ള പ്രവാസികളുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണ മുന്നണിക്ക് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളായ ബാലകൃഷ്ണന്‍, അഡ്വ. വൈ.എ റസീം എന്നിവരുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തി.

 

ഷാര്‍ജ: ഇന്ത്യക്ക് പുറത്തുള്ള പ്രവാസികളുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണ മുന്നണിക്ക് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളായ ബാലകൃഷ്ണന്‍, അഡ്വ. വൈ.എ റസീം എന്നിവരുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തി. ഭരണ മുന്നണിയിലെ പ്രമുഖ നേതാക്കളായ മുസ്ലിം ലീഗ് പിന്തുണയുള്ള കെഎംസിസി നേതാവും നിലവിലെ പ്രസിഡന്റുമായ നിസ്സാര്‍ തളങ്കരയും സിപിഎം പിന്തുണയുള്ള മാസ്സിന്റെ നേതാവും ജനറല്‍ സെക്രട്ടറിയുമായ പി. പ്രകാശും പരാജയപ്പെട്ടു.

മതേതര ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികളില്‍ പ്രദീപ് നെന്മാറ വൈസ് പ്രസിഡന്റായും അഡ്വ. എന്‍.ടി. അന്‍സാര്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഭരണ മുന്നണിയിലെ ജിബി ബേബി ട്രഷററായി വിജയിച്ചു. നിര്‍വാഹക സമിതിയിലേക്ക് പ്രതിപക്ഷ മുന്നണിയില്‍ നിന്ന് നാല് പേരും ഭരണപക്ഷത്ത് നിന്ന് മൂന്ന് പേരും വിജയിച്ചു.

ഏകദേശം 2,500 അംഗങ്ങളുള്ള അസോസിയേഷനില്‍ 1,361 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 45 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പോള്‍ ടി. ജോസഫ് ആയിരുന്നു വരണാധികാരി.  പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായ തെരഞ്ഞെടുപ്പിലാണ് നിലവിലെ ഭരണ മുന്നണിക്ക് തിരിച്ചടി നേരിട്ടത്. വിജയത്തോടെ മതേതര ജനാധിപത്യ മുന്നണി അസോസിയേഷന്റെ ഭരണച്ചുമതല ഏറ്റെടുത്തു.