ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നത് ജസ്റ്റിന്‍ ട്രൂഡോ ; രൂക്ഷ വിമര്‍ശനവുമായി കാനഡയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പാര്‍ലമെന്റില്‍ വെച്ച് നിജ്ജാര്‍ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ പറഞ്ഞിരുന്നു.
ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെന്ന് കാനഡയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഏതൊരു കൊലപാതകവും തെറ്റാണ്. നിജ്ജാറിന്റെ കൊലപാതകത്തെ അപലപിക്കുന്നു. നിജ്ജാര്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ യാതൊരു വിധത്തിലുള്ള തെളിവുകളും സമര്‍പ്പിച്ചിരുന്നില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിജ്ജാര്‍ വധത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാന്‍ ട്രൂഡോ ശ്രമിച്ചതെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡയിലെ ഖലിസ്ഥാന്‍ നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചിട്ടുണ്ട്. അത് രാജ്യ താല്പര്യമാണ്. കാനഡയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരും കോണ്‍സുലര്‍ ഉദ്യോഗസ്ഥരും രാജ്യത്ത് നരഹത്യ, കൊള്ളയടിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതര ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന കാനഡയുടെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ അത്തരത്തില്‍ യാതൊരു വിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അന്യായമായ കൊലപാതകങ്ങള്‍ നടത്താതിരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പാര്‍ലമെന്റില്‍ വെച്ച് നിജ്ജാര്‍ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാകുന്നത്. കാനഡയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്നായിരുന്നു കാനഡയുടെ വാദങ്ങളോട് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനേഡിയന്‍ അതിര്‍ത്തികളില്‍ വഴിയൊരുക്കുകയാണെന്നും ഇന്ത്യ പറഞ്ഞിരുന്നു.