ജഡ്ജിന്റെ ആത്മഹത്യ ; ഭാര്യ ഉപദ്രവിക്കാറുണ്ടെന്ന് കുടുംബം,മരിച്ച ദിവസവും വീട്ടില്‍ തര്‍ക്കമുണ്ടായതായി പരാതി

രണ്ട് മാസമായി സ്വാതി അമന്‍ ശര്‍മയെ ഉപദ്രവിക്കുകയാണെന്ന് കുടുംബം പറയുന്നു.

 

ജഡ്ജ് അമന്‍ ശര്‍മയുടെ മരണത്തിലാണ് ജഡ്ജായ ഭാര്യ സ്വാതിക്കും ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ സഹോദരി നിധി മാലിക്കിനുമെതിരെ കുടുംബം രംഗത്തെത്തിയത്

ജഡ്ജിന്റെ ആത്മഹത്യയില്‍ ഭാര്യയ്ക്കെതിരെ കുടുംബം. ജഡ്ജ് അമന്‍ ശര്‍മയുടെ മരണത്തിലാണ് ജഡ്ജായ ഭാര്യ സ്വാതിക്കും ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ സഹോദരി നിധി മാലിക്കിനുമെതിരെ കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി സ്വാതി അമന്‍ ശര്‍മയെ ഉപദ്രവിക്കുകയാണെന്ന് കുടുംബം പറയുന്നു.

'നിധി മാലിക് അമന്റെ കാര്യത്തില്‍ കൂടുതലായി ഇടപെടുന്നു. അവരാണ് നിധിന്റെ വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അമന്‍ മരിച്ച ദിവസം രാവിലെ സ്വാതി അമന്റെ പിതാവിനോട് വീട് വിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയും അല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് പറയുകയും ചെയ്തു. അതിന് ശേഷം വീട്ടില്‍ വലിയ തര്‍ക്കുമുണ്ടായി. സ്വാതി ദേഷ്യത്തോടെ അമനോട് പെരുമാറുകയും അമന്‍ കരയുകയും ചെയ്തു', അമന്റെ ബന്ധു പറഞ്ഞു.
അല്‍പസമയത്തിന് ശേഷം ബന്ധു വീട്ടിലെത്തി അമനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു സ്വാതിയുടെ മറുപടി. എന്നാല്‍ അമന്റെ ഫോണില്‍ വിളിച്ചപ്പോള്‍ ശുചിമുറിയില്‍ നിന്നും ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേള്‍ക്കുകയായിരുന്നു.

വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ ജനല്‍ തകര്‍ത്ത് ശുചിമുറിയില്‍ പ്രവേശിച്ചപ്പോള്‍ അമന്‍ തൂങ്ങി മരിച്ചത് കാണുകയായിരുന്നു. നിലവില്‍ കുടുംബത്തിന്റെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.