ജെ.എൻ.യു ക്യാമ്പസിൽ വിദ്യാർഥിക്ക് നേരെ വെട്ടുകത്തി ആക്രമണം; പ്രതി അറസ്റ്റിൽ

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിക്ക് നേരെ സഹപാഠിയുടെ ആക്രമണം. നവംബർ അഞ്ചിന് ഉച്ചയോടെയാണ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ സംഭവം നടന്നത്. മാംസം മുറിക്കുന്ന കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സൗരഭ് എന്ന വിദ്യാർഥിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു.

 

ന്യൂഡൽഹി :ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിക്ക് നേരെ സഹപാഠിയുടെ ആക്രമണം. നവംബർ അഞ്ചിന് ഉച്ചയോടെയാണ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ സംഭവം നടന്നത്. മാംസം മുറിക്കുന്ന കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സൗരഭ് എന്ന വിദ്യാർഥിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഒരു വനിതാ വിദ്യാർഥിയുമായുള്ള സൗരഭിന്റെ സൗഹൃദത്തെച്ചൊല്ലി പ്രതിയായ അജയ് എതിർപ്പ് പ്രകടിപ്പിച്ചതാണ് തർക്കത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. വാക്കുതർക്കം പിന്നീട് ശാരീരിക ആക്രമണത്തിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ അജയ് ഉൾപ്പെടെ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സൗരഭിനെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

സംഭവത്തിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സർവകലാശാലയുടെ ഭാഗത്തുനിന്നും അച്ചടക്ക നടപടികൾ സ്വീകരിക്കുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട വിദ്യാർഥികളെ ക്യാമ്പസിൽനിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസുകളിലെ വിദ്യാർഥി സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിവെച്ചിരിക്കുകയാണ്.