മധ്യപ്രദേശിൽ സിമന്റ് കൊണ്ട് നിർമിച്ച ജീരകം വിൽപ്പനയ്ക്ക് ; വ്യാജൻ വിപണിയിലെത്തിയത് ജനപ്രിയ ബ്രാൻഡിന്റെ പേരിൽ

മധ്യപ്രദേശിൽ ജീരകമെന്ന പേരിൽ സിമന്റ് പുരട്ടിയ ജീരക വിത്തുകൾ വിൽപ്പനയ്ക്ക്. സംസ്ഥാനത്തെ പ്രശസ്ത‌ ബ്രാൻഡായ ശിവ്പുജാരി ബ്രാൻഡിന്റെ പേരിലാണ് ജീരകം

 

 ഭോപ്പാൽ: മധ്യപ്രദേശിൽ ജീരകമെന്ന പേരിൽ സിമന്റ് പുരട്ടിയ ജീരക വിത്തുകൾ വിൽപ്പനയ്ക്ക്. സംസ്ഥാനത്തെ പ്രശസ്ത‌ ബ്രാൻഡായ ശിവ്പുജാരി ബ്രാൻഡിന്റെ പേരിലാണ് ജീരകം വിപണിയിലെത്തിക്കുന്നത്. സിമൻ്റും കെമിക്കലുകളും കളറും കൃത്രിമമായ സുഗന്ധവും ചേർത്തുള്ള ജീരക വിത്തുകളാണ് ജീരകമെന്ന പേരിൽ വ്യവസായികൾ വിൽക്കുന്നത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹിതേഷ് സിങ്കാൽ അഥവാ ചാമ്പക്, മാ ഷീത്ല‌ കോൾഡ് സ്റ്റോറേജിന്റെ മാനേജർ മനോജ്, ടിറ്റു അഗർവാൾ എന്നിവരാണ് പ്രതികൾ.

ബഹോദാപൂരിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്ന് 3.25 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 46 ചാക്ക് മായം ചേർത്ത ജീരകമാണ് പിടിച്ചെടുത്തത്. ഗുജറാത്തിലെ മെഹ്‌സാനയിൽ താമസിക്കുന്ന ശിവ്പൂജാരി ബ്രാൻഡിന്റെ ഉടമയായ വിമൽ കുമാർ പട്ടേലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികൾ തൻ്റെ ബ്രാൻഡിന് സമാനമായ പാക്കേജിംഗ് നിയമവിരുദ്ധമായി അച്ചടിക്കുകയും അതിൻ്റെ പേരിൽ ഗുണനിലവാരമില്ലാത്തതും അപകടകരവുമായ ജീരകം വിപണിയിൽ എത്തിക്കുകയും ചെയ്‌തുവെന്ന് പട്ടേൽ ആരോപിച്ചു.

യഥാർത്ഥ ബ്രാൻഡഡ് ജീരകം കിലോയ്ക്ക് 250-450 രൂപയ്ക്ക് വിൽക്കുമ്പോൾ, വ്യാജ ഉൽപ്പന്നം കിലോയ്ക്ക് 150-180 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. കാഴ്ച‌യിൽ യഥാർത്ഥ ജീരകത്തെ പോലെയിരിക്കുന്ന ജീരകങ്ങളാണിവ. മാത്രവുമല്ല പഴകിയതും ചീത്തയായതുമായ ജീരകം കെമിക്കൽ ഉപയോഗിച്ച് പുതിയത് പോലെ കാണിച്ച് വിപണിയിൽ വിൽക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തിലുള്ള വ്യാജ ജീരകങ്ങളും മറ്റ് പദാർത്ഥങ്ങളും ഉപയോഗിക്കുന്നത് ദഹനവ്യവസ്ഥയെയും കരളിന്റെ പ്രവർത്തനത്തെയും അടക്കം ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.