ജെഇഇ മെയിൻ രണ്ടാം സെഷൻ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം സ്ഥാനത്ത് തെലങ്കാന
രാജ്യത്തെ പ്രമുഖ എൻജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ രണ്ടാം സെഷൻ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. ഇത്തവണ പരീക്ഷ എഴുതിയവരിൽ 56 വിദ്യാർത്ഥികളാണ് നൂറ് ശതമാനം മാർക്ക് നേടിയത്.
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ രണ്ടാം സെഷൻ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. ഇത്തവണ പരീക്ഷ എഴുതിയവരിൽ 56 വിദ്യാർത്ഥികളാണ് നൂറ് ശതമാനം മാർക്ക് നേടിയത്.
പൂർണ്ണ മാർക്ക് നേടിയവരിൽ കൂടുതൽ പേരും തെലങ്കാനയിൽ നിന്നാണ് (15 പേർ). ആന്ധ്രാപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഏഴ് പേർ വീതവും ഡൽഹിയിൽ നിന്ന് ആറ് പേരും ഈ നേട്ടം കൈവരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ഗജാരെ നീൽകൃഷ്ണ നിർമ്മൽകുമാറാണ് അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയത്.
ദക്ഷേഷ് സഞ്ജയ് മിശ്ര (മഹാരാഷ്ട്ര), ആരവ് ഭട്ട് (ഹരിയാന) എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ സ്വന്തമാക്കി. പെൺകുട്ടികളിൽ സാൻവി ജെയിൻ (കർണാടക), ഷെയ്‌ന സിൻഹ (ഡൽഹി) എന്നിവർ നൂറ് ശതമാനം മാർക്ക് നേടി തിളക്കമാർന്ന നേട്ടം കരസ്ഥമാക്കി.
ഏപ്രിൽ 4 മുതൽ 12 വരെ 319 നഗരങ്ങളിലായി നടന്ന പരീക്ഷയിൽ 12.57 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഫലം ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.ac.in വഴി പരിശോധിക്കാം.
ജെഇഇ മെയിൻ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ 2.5 ലക്ഷം റാങ്കുകളിൽ ഉൾപ്പെട്ടവർക്ക് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഐഐടികളിലേക്കുള്ള പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാൻസ്ഡ് രജിസ്ട്രേഷൻ ഏപ്രിൽ 27-ന് ആരംഭിക്കും.