ഇന്ത്യാ സന്ദർശനത്തിനിടെ സന്തൂർ വായിച്ച് ജപ്പാൻ പ്രധാനമന്ത്രി
ഇന്ത്യാ സന്ദർശനത്തിനിടെ ഇന്ത്യൻ സംഗീതോപകരണമായ സന്തൂർ വായിക്കാൻ ശ്രമിച്ച് ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു തകൈച്ചിയുടെ സംഗീത പരീക്ഷണം.
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനിടെ ഇന്ത്യൻ സംഗീതോപകരണമായ സന്തൂർ വായിക്കാൻ ശ്രമിച്ച് ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു തകൈച്ചിയുടെ സംഗീത പരീക്ഷണം. സനായെ തകൈച്ചി സന്തൂർ വായിക്കുന്ന മോദി വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
പരിപാടിക്കിടെ സന്തൂർ കലാകാരൻ തകൈച്ചിക്ക് ഉപകരണത്തിന്റെ അടിസ്ഥാന രീതി വിശദീകരിച്ചു നൽകി. ഇതോടെ അവർ സ്വയം സന്തൂർ വായിക്കാൻ ശ്രമിക്കുകയായിരുന്നു. വീഡിയോയിൽ സന്തൂറിന്റെ അടിസ്ഥാന സ്വരങ്ങൾ വായിക്കാൻ തകൈച്ചി ശ്രമിക്കുന്നതും മോദി പുഞ്ചിരിച്ച് കൈയടിക്കുന്നതും കാണാം. ‘ഇന്ത്യൻ സംഗീതത്തിൽ ഒരു കൈ നോക്കാൻ ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി ശ്രമിക്കുന്നു’ വിഡിയോ പങ്കുവെച്ച് മോദി കുറിച്ചു.
തകൈച്ചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായാണ് ജൂലൈ ഒന്നു മുതൽ മൂന്ന് വരെ തകൈച്ചിയുടെ ഇന്ത്യാ സന്ദർശനം. ഉച്ചകോടിക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ മോദി തകൈച്ചിയെ തന്റെ ‘ചോട്ടി ബെഹൻ’ (ഇളയ സഹോദരി) എന്ന് വിശേഷിപ്പിച്ചിരുന്നു. ജപ്പാനിലെ നാര പ്രിഫെക്ചറിൽ നിന്നുള്ള തകൈച്ചിക്ക് ഇന്ത്യയുമായി ബൗദ്ധ പാരമ്പര്യത്തിലൂടെ ചരിത്രബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും കൃത്രിമ ബുദ്ധി, സാമ്പത്തിക സുരക്ഷ, ഊർജം, ധാതുക്കൾ, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിൽ ചർച്ചകൾ നടത്തുകയും ചെയ്തു.