ജാമിയ മില്ലിയ ഇസ്ലാമിയയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്; വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു

ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥി യൂണിയന്റെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്. രണ്ടാഴ്ചയായി തുടരുന്ന ശക്തമായ വിദ്യാർഥി സമരത്തിനൊടുവിലാണ് സർവകലാശാല ഭരണകൂടത്തിന്റെ ഈ സുപ്രധാന തീരുമാനം. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവുകളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാനും സമരകാലയളവിൽ സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.

 

ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥി യൂണിയന്റെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്. രണ്ടാഴ്ചയായി തുടരുന്ന ശക്തമായ വിദ്യാർഥി സമരത്തിനൊടുവിലാണ് സർവകലാശാല ഭരണകൂടത്തിന്റെ ഈ സുപ്രധാന തീരുമാനം. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവുകളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാനും സമരകാലയളവിൽ സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.

2006-ന് ശേഷം സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ജെ.എം.ഐ.എസ്.യു (JMISU) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാല് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു. സമരം രൂക്ഷമായതോടെ ക്യാമ്പസിലെ ഗേറ്റുകളും ലൈബ്രറികളും അടയ്ക്കുകയും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് സമരക്കാരും ഏഴംഗ പ്രൊഫസർമാരുടെ സമിതിയും തമ്മിൽ ചർച്ച നടന്നതും പ്രശ്നപരിഹാരമായതും.

ചർച്ചയിലെ ധാരണപ്രകാരം, സമരകാലയളവിൽ സർവകലാശാല ഭരണകൂടത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്കും സമൂഹമാധ്യമ പോസ്റ്റുകൾക്കും വിദ്യാർഥികൾ വാർത്താസമ്മേളനത്തിലൂടെ പരസ്യമായി മാപ്പുപറയാൻ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാനും സമരം അവസാനിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് പുറത്തുവന്നതോടെ ക്യാമ്പസിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരമായി.