മുസ്ലീങ്ങൾ ആയതുകൊണ്ട് മാത്രമാണ് ആ യുവാക്കൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്, ഗംഗയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതിന് പ്രശ്നമില്ലേ : അസദുദ്ദീൻ ഉവൈസി
വാരണാസിയിലെ ഗംഗാനദിയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന് നടത്തിയ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പോലീസിന്റെ ഈ നടപടി വിവേചനപരമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അദ്ദേഹം ചോദ്യം ചെയ്തു.
ലഖ്നോ: വാരണാസിയിലെ ഗംഗാനദിയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന് നടത്തിയ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പോലീസിന്റെ ഈ നടപടി വിവേചനപരമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അദ്ദേഹം ചോദ്യം ചെയ്തു.
ഗംഗാ നദയിലെ ബോട്ടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണ് മതവികാരം വ്രണപ്പെടുത്തുന്നതെന്ന് ഉവൈസി ചോദിച്ചു. `മുസ്ലീങ്ങൾ ആയതുകൊണ്ട് മാത്രമാണ് ആ യുവാക്കൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്. ഗംഗയിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നില്ലേ'? വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ റമസാൻ മാസത്തിൽ മദ്യശാലകൾ തുറന്നുപ്രവർത്തിക്കുന്നത് മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തില്ലേ ഉവൈസി കൂട്ടിചേർത്തു.
ഗംഗാനദിയിൽ ബോട്ടിനുള്ളിലിരുന്ന് ഒരു സംഘം യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ച് ഇഫ്താർ വിരുന്ന് നടത്തുന്ന വീഡിയോദൃശ‍്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ ബി.ജെ.പി യുവമോർച്ച സിറ്റി യൂണിറ്റ് ചീഫ് രജത് ജയ്‌സ്വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് സംഭവത്തിലുൾപ്പെട്ട 14 പേരെയും അറസ്റ്റ് ചെയ്തു. നദിയിൽ വെച്ച് മാംസാഹാരം കഴിക്കുന്നതും അതിന്റെ അവശിഷ്ടങ്ങൾ നദിയിലേക്ക് തള്ളുന്നതും ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നാണ് പരാതിയിൽ പറയുന്നത്. ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരവും ജല മലിനീകരണ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തത്.
സംഭവം ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് മതവികാരം വ്രണപ്പെട്ടതായി പോലീസ് തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്യുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ വിജയ് പ്രതാപ് സിങ് അറിയിച്ചു.