ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് : അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേന്ദ്ര നടപടിക്ക് സ്റ്റേ

 



ദില്ലി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ്മയുടെ പിരിച്ചുവിടല്‍ നടപടി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്‌സ ഹൃഷികേശ് റോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

വിരമിക്കാന്‍ ഒരു മാസം ശേഷിക്കെയാണ് ഓഗസ്റ്റ് 30ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സതീഷ് വര്‍മ്മയെ പിരിച്ച് വിട്ടത്. മാധ്യമങ്ങളോട് പ്രതികരിച്ചത് അടക്കമുളള വിഷയങ്ങളിലാണ് ആഭ്യന്തരമന്ത്രാലയം പിരിച്ചുവിടലിന് ഉത്തരവിട്ടത്. സതീഷ് വര്‍മ്മ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. 

2004 ലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കൊലക്കേസ് അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിയമിച്ച എസ്‌ഐടിയിലെ അംഗമായിരുന്നു സതീഷ് വര്‍മ്മ. 1986 ബാച്ച് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ മുംബൈ സ്വദേശിനിയായ ഇസ്രത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് പിള്ള,ഒപ്പം രണ്ട് പാക് പൗരന്‍മാരും എത്തിയെന്നായിരുന്നു പൊലീസ് വാദം. ഇവരെ ഏറ്റുമുട്ടലിലൂടെ കൊല്ലുകയും ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയും എസ്‌ഐടി രൂപീകരിക്കുകയും ചെയ്തു.


കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സതീഷ് വര്‍മ്മയെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എസ്‌ഐടി അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തപ്പോഴും അന്വേഷണ സംഘത്തില്‍ സതീഷ് വര്‍മ്മയുണ്ടായിരുന്നു. നടന്നത് വ്യാജ ഏറ്റമുട്ടലെന്ന് അന്വേഷണ സംഘങ്ങളെല്ലാം കണ്ടെത്തി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം അറസ്റ്റിലായി. പക്ഷെ പിന്നീട് കേസിന് മുന്നോട്ട് പോവാനായില്ല. ആരെയും ശിക്ഷിച്ചില്ല. പക്ഷെ പലവട്ടം സതീഷ് കുമാറിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നു. സ്ഥാനക്കയറ്റം തടയപ്പെട്ടു. അച്ചടക്ക നടപടികള്‍ക്കെതിരെ സതീഷ് കുമാര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് രസഹ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കു വച്ചു എന്നതടക്കം പലകാരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിരിച്ച് വിടല്‍ നടപ്പാക്കിയത്.